മലപ്പുറം: മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ നാമധേയത്തിലുള്ള തിരൂരിലെ മലയാളസര്‍വകലാശാലയ്ക്ക് പുതിയ കെട്ടിട സമുച്ചയമൊരുങ്ങുന്നു. തിരൂര്‍ മാങ്ങാട്ടിരിയിലെ 12 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പ്രകൃതി സൗഹൃദ – ഭിന്നശേഷി സൗഹൃദ കാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മുമ്പെങ്ങുമില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷനായിരുന്നു.
പൊതുവിദ്യാഭ്യാസ രംഗത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയെയും ഉയര്‍ത്തിക്കൊണ്ട് വരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. സര്‍വകലാശാലയുടെ വാക്കാട് കാമ്പസില്‍ നടന്ന ചടങ്ങില്‍ വി. അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. 80 കോടി രൂപ ചെലവിലാണ് മാങ്ങാട്ടിരിയില്‍ സര്‍വകലാശാലയ്ക്ക് സ്ഥിരം ക്യാമ്പസ് ഒരുക്കുന്നത്. ഭരണകാര്യാലയവും ലൈബ്രറിയുമുള്ള 20 കോടി രൂപയുടെ കെട്ടിട സമുച്ചയമാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക.
പ്രകൃതിസൗഹൃദ ക്യാമ്പസില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡാണ് കെട്ടിട സമുച്ചയങ്ങള്‍ ഒരുക്കുന്നത്. അക്കാദമിക ബ്ലോക്ക്, ക്ലാസ് മുറികള്‍, സെമിനാര്‍ ഹാളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഘട്ടങ്ങളായി ഒരുക്കും. മലയാളികളുടെ അഭിമാനമാനമായി ഈ സര്‍വകലാശാല മാറുമെന്ന്  വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു.
നിര്‍വാഹക സമിതി അംഗം കെ.പി രാമനുണ്ണി, വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെല്ലാശ്ശേരി നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ഇ. അഫ്‌സല്‍ രജിസ്ട്രാര്‍ ഡോ.ഡി ഷൈജന്‍, വൈസ് ചാന്‍സലറുടെ  പേഴ്സണല്‍ സെക്രട്ടറി വി.സ്റ്റാലിന്‍  ജനപ്രതിനിധികള്‍ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.