ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ കിഫ്ബി സഹായത്തോടെ 129 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആലപ്പുഴ മൊബിലിറ്റി ഹബിന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് (ഫെബ്രുവരി 17) രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.

ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, അഡ്വ. എ.എം. ആരിഫ് എം.പി. എന്നിവർ മുഖ്യാതിഥികളാകും. ബസ് ടെർമിനൽ, 60 ബസുകൾക്ക് പാർക്കിംഗ് സ്ഥലം, മൾട്ടിപ്ലക്‌സ് തിയേറ്റർ, പെട്രോൾ പമ്പ്, മൾട്ടിലെവൽ കാർ പാർക്കിങ്, സ്ത്രീകൾക്കും കുട്ടികൾക്കും താമസിക്കാനുള്ള സേഫ് സ്‌റ്റേ ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, ഫോർ സ്റ്റാർ ഹോട്ടൽ, ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം എന്നിവയടക്കമുള്ള ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സാണ് നിർമിക്കുന്നത്.

ഇൻകെൽ എലിമിറ്റഡിനാണ് നിർവഹണ ചുമതല. നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ, നഗരസഭാംഗം എം.ജി. സതീദേവി, വി.എം. താജുദ്ദീൻ സാഹിബ്, വി. അശോക് കുമാർ, പി.ആർ. അജിത്കുമാർ, എ. ചന്ദ്രൻ, കെ.എസ്. രണദേവ് എന്നിവർ പങ്കെടുക്കും.