കൊല്ലം: നവീകരിച്ച മുണ്ടയ്ക്കല്‍ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ചടങ്ങില്‍ മുണ്ടയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മന്ത്രി നഗര കുടുംബാരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിച്ചു. കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ നാട മുറിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എം നൗഷാദ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 14.98 ലക്ഷം രൂപ ഉപയോഗിച്ച് വെയിറ്റിങ് ഏരിയ, ഇമ്മ്യൂണൈസേഷന്‍ റൂം, ഡ്രസിങ് ഏരിയ, ഇന്‍ജെക്ഷന്‍ ഏരിയ ഉള്‍പ്പെടെ പുതിയതായി സജീകരിച്ചിട്ടുണ്ട്. അനുബന്ധ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ആറു ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കിയുമാണ് നഗര കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കിയത്. നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, ജില്ലാ അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ജീവിത ശൈലി രോഗ ക്ലനിക്, ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക ക്ലിനിക്, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ്, വയോജന ക്ലിനിക്, കൗമാര സൗഹൃദ ക്ലിനിക്, ഫിസിയോ തെറാപ്പി തുടങ്ങി വിവിധ സേവനങ്ങള്‍ നഗര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. നഗര കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിതിന്റെ ഭാഗമായി വിഷന്‍ സെന്റര്‍, മാനസികാരോഗ്യ ക്ലിനിക് എന്നിവ ഉടന്‍ ആരംഭിക്കും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ പി സേവനം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് ഏഴുവരെ പൊതുജനങ്ങള്‍ക്ക് ലഭിക്കും.