പാലക്കാട്: പട്ടികവര്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.ടി.ഡി.പി (ഇന്റഗ്രേഡറ്റ് ട്രൈബല് ഡെവലപ്മെന്റ് പ്രൊജക്ട്) മുഖേന 2020 നവംബര് വരെ വിവിധ വികസനക്ഷേമ പ്രവര്ത്തനങ്ങളാണ് നടപ്പിലാക്കിയത്. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിലായി 16 പ്രീമെട്രിക് ഹോസ്റ്റലുകള്, ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റല്, ഒരു മോഡല് റസിഡന്ഷ്യല് സ്‌കൂളും പ്രവര്ത്തിച്ചുവരുന്നു. 1500 ലധികം പട്ടികവര്ഗ വിദ്യാര്ഥികളാണ് താമസിച്ച് പഠിച്ച് വരുന്നത്. കഴിഞ്ഞ നാലു വര്ഷകാലയളവില് 1.19 കോടി ചെലവില് ഹോസ്റ്റലുകളുടെ അടിസ്ഥാനഭൗതിക സൗകര്യങ്ങള് മെച്ചപ്പെടുത്തിയതിന് പുറമെ 52.90 ലക്ഷം ചെലവില് മുക്കാലി മോഡല് റസിഡന്ഷ്യല് സ്‌കൂളില് മികച്ച പഠനാന്തരീക്ഷത്തിന് വഴിയൊരുക്കികൊണ്ട് പാഠ്യേതര വിഷയങ്ങളും തയ്യാറാക്കുകയുണ്ടായി.
ഐ.ടി.ഡി.പി യുടെ കീഴില് കോട്ടത്തറ, പുതുര്, അഗളി എന്നിവിടങ്ങളില് മൂന്ന് പുതിയ പ്രീമെട്രിക് പെണ്കുട്ടികളുടെ ഹോസ്റ്റല് ആരംഭിക്കുന്നതിന് സര്ക്കാര് ഉത്തരവായിട്ടുണ്ട്. കോട്ടത്തറ യു.പി സ്‌കൂളിനോടനുബന്ധിച്ചുള്ള പ്രീമെട്രിക് ഹോസ്റ്റല് പ്രവര്ത്തനം പുരോഗമിക്കുന്നു. കൂടാതെ വകുപ്പിന്റെ കീഴില് ഭൂതിവഴിയില് 16 ഓളം കുട്ടികള് പഠിക്കുന്ന നഴ്‌സറി സ്‌കൂളും പ്രവര്ത്തിക്കുന്നുണ്ട്. 5.39 കോടി ചെലവില് പട്ടികവര്ഗ വിദ്യാര്ഥികളുടെ പരീക്ഷാ പരിശീലനങ്ങള്, വിദ്യാര്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്് വാഹനസൗകര്യം ഉറപ്പാക്കാന് ഗോത്രസാരഥി പദ്ധതി, പ്രീമെട്രിക് ഹോസ്റ്റലുകളില് സമര്ത്ഥരായ പട്ടികവര്ഗ വിദ്യാര്ഥികള്ക്ക് ധനസഹായം, ഒമ്പത്, 10 ക്ലാസ്സുകളിലെ വിദ്യാര്ഥികള്ക്ക് സ്‌കോളര്ഷിപ്പ് വിതരണം എന്നിവ നടപ്പാക്കി.
ഗോത്രബന്ധു പദ്ധതിപ്രകാരം 23 മെന്റര് ടീച്ചര്മാരെ നിയമിച്ചു
അട്ടപ്പാടിയിലെ സര്ക്കാര് എയ്ഡഡ് സ്‌കൂളുകളില് ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള പട്ടികവര്ഗ യുവതീ യുവാക്കളില് നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഗോത്രഭാഷ പഠനസഹായ അധ്യാപകരായി നിയമിക്കുന്ന ഗോത്ര ബന്ധു പദ്ധതി പ്രകാരം 23 മെന്റര് ടീച്ചര്മാരെ നിയമിച്ചു. ഗോത്ര ഭാഷയില് പഠിപ്പിക്കുന്നതിലൂടെ അട്ടപ്പാടി മേഖലയില് പത്താംക്ലാസ് പാസാകുന്നവരുടെ എണ്ണം വര്ദ്ധിപ്പിക്കുകയാണ് ഗോത്രബന്ധു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കമ്പ്യൂട്ടര്, ഇന്റര്നെറ്റ് സൗകര്യങ്ങളോടെ അട്ടപ്പാടിയില് 35 സാമൂഹ്യ പഠനമുറികള്
പട്ടികവര്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ നിലവാരം ഉയര്ത്തുക ലക്ഷ്യമിട്ട് മേഖലയില് 35 സാമൂഹ്യ പഠനമുറികളാണ് ആരംഭിച്ചത്. പട്ടികവര്ഗ കോളനികളില് സാമൂഹിക പഠനമുറി ഒരുക്കുന്ന പദ്ധതി അട്ടപ്പാടിയില് 2017-18 വര്ഷമാണ് ആരംഭിച്ചത്. പദ്ധതിപ്രകാരം ഒരു പഠന കേന്ദ്രത്തില് 30 പഠിതാക്കള്ക്കാണ് സൗകര്യങ്ങള് ഒരുക്കിയിട്ടുള്ളത്. വിദ്യാര്ഥികള്ക്ക് ട്യൂഷന്, പഠനസാമഗ്രികളുടെ വിതരണം, ലഘുഭക്ഷണം, കമ്പ്യൂട്ടര് ,ഇന്റര്നെറ്റ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളാണ് പഠന മുറികളിലൂടെ ഒരുക്കുന്നത്. മേല്നോട്ടത്തിനായി പട്ടികവര്ഗ വിഭാഗക്കാരായ 35 പേരെ നിയമിച്ചിട്ടുണ്ട്.
പെണ്കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ‘ഗോത്ര വാത്സല്യനിധി’
പട്ടികവര്ഗ വിഭാഗം പെണ്കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ‘ഗോത്ര വാത്സല്യനിധി’ പദ്ധതിയില് 289 ഗുണഭോക്താക്കളാണ് ഉള്പ്പെട്ടിട്ടുള്ളത്. 2017 ഏപ്രില് ഒന്നിന് ശേഷം ജനിച്ച പെണ്കുട്ടികള്ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിപ്രകാരം ജനന സര്ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില് പട്ടികവര്ഗ വകുപ്പ് 39000 രൂപ ആദ്യഗഡുവായി പെണ്കുട്ടിയുടെ പേരില് എല്.ഐ.സി. യില് നിക്ഷേപിച്ച് പോളിസിയായി എടുക്കുന്നു.
വനിതകളെ സ്വയംപര്യാപ്തമാക്കി അപ്പാരല് പാര്ക്ക്
അട്ടപ്പാടിയിലെ 18 നും 45 നും ഇടയില് പ്രായമുള്ള അഞ്ചാംക്ലാസ് വിജയിച്ച പട്ടികവര്ഗ യുവതികള്ക്ക് തൊഴില് വികസനത്തിലൂടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച അപ്പാരല് പാര്ക്ക് പദ്ധതി വഴി 300 വനിതകള്ക്കാണ് പരിശീലനം ലഭ്യമാക്കിയത്. 150 ദിവസത്തില് കൂടുതല് പരിശീലനം ലഭിച്ച 198 സ്ത്രീകളെ ഉള്പ്പെടുത്തി അപ്പാരല് പാര്ക്ക് ഒരു സൊസൈറ്റിയായി രൂപീകരിച്ചതിലൂടെ ചാലക്കുടി, ഏറ്റുമാനൂര്, നിലമ്പൂര്, മുക്കാലി, മലമ്പുഴ എംആര്എസുകളിലെ വിദ്യാര്ഥികള്ക്ക് 2000 ത്തിലധികം യൂണിഫോമുകളാണ് ഓരോ വര്ഷവും തയ്ച്ച് നല്കുന്നത്. കോവിഡ് കാലത്ത് 15000 ത്തോളം മാസ്‌ക്കുകളും നിര്മിച്ച് വില്പ്പന നടത്തി.
പോഷകാഹാരകുറവ് പരിഹരിക്കാന് ‘നമ്മത് വെള്ളാമെ’
അട്ടപ്പാടി മേഖലയില് ആദിവാസി വിഭാഗത്തിന്റെ പോഷകാഹാരക്കുറവ് പരിഹരിക്കാനും ഭക്ഷ്യസുരക്ഷയും ലക്ഷ്യമിട്ട് സര്ക്കാര് ഇതര ഏജന്സിയുമായി ചേര്ന്ന് നടപ്പാക്കുന്ന ‘നമ്മത് വെള്ളാമെ’ പദ്ധതി വഴി തനത് ഭക്ഷ്യ വിഭവങ്ങള് കൃഷി ചെയ്യുന്നു. 19 ഊരുകളില് നിന്നുള്ള 614 കര്ഷകരെ ഊരുകൂട്ടം വഴി തെരഞ്ഞെടുത്ത് 883 ഏക്കര് സ്ഥലത്ത് റാഗി, ചാമ, ചോളം, തിന ഉള്പ്പടെയുള്ള പരമ്പരാഗത വിഭവങ്ങളാണ് കൃഷി ചെയ്യുന്നത്. 53 ലക്ഷം രൂപ പദ്ധതിക്കായി ഇതുവരെ വിനിയോഗിച്ചു. ഈ വര്ഷം 16 ഊരുകള് കൂടി ഉള്പ്പെടുത്തി 35 ഊരുകളിലേക്ക് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കള് വീട്ടിലെത്തിച്ച് ‘ഭക്ഷ്യ സഹായ’ പദ്ധതി
ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര്, കിടപ്പുരോഗികള്, മാനസിക വെല്ലുവിളി നേരിടുന്നവര്, മാറാ രോഗങ്ങളുളളവര്, വൃദ്ധര് തുടങ്ങിയവരെ തെരഞ്ഞെടുത്ത് വര്ഷത്തില് രണ്ടുതവണ ഭക്ഷ്യവസ്തുക്കള് വീട്ടിലെത്തിച്ച് നല്കുന്ന പദ്ധതിയാണ് ഭക്ഷ്യ സഹായ പദ്ധതി. കഴിഞ്ഞ നാലു വര്ഷ കാലയളവില് 3.54 കോടിയാണ് പദ്ധതിപ്രകാരം ചെലവഴിച്ചത്. പദ്ധതിയിലൂടെ പ്രതിവര്ഷം 10800 കുടുംബങ്ങള്ക്ക് ആനുകൂല്യം ലഭ്യമാക്കുന്നു.
പോഷകാഹാരം ലഭ്യമാക്കാന്, ശിശുമരണങ്ങള് ഒഴിവാക്കാന് കമ്മ്യൂണിറ്റി കിച്ചണ്
അട്ടപ്പാടി ബ്ലോക്കിലെ പുതൂര്, അഗളി, ഷോളയൂര് ഗ്രാമപഞ്ചായത്തുകള് കേന്ദ്രീകരിച്ച് ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര്, വിളര്ച്ചാ ബാധിതര്, രോഗികള്, വൃദ്ധര് തുടങ്ങിയവര്ക്കായി കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി കിച്ചനുകള് നടത്തിവരുന്നു. പോഷകാഹാരം ലഭ്യമാക്കുക, ശിശുമരണങ്ങള് ഒഴിവാക്കുക ലക്ഷ്യമിട്ട് 2017-18 കാലയളവില് ആരംഭിച്ച പദ്ധതി 134 ഊരുകളിലാണ് നടപ്പാക്കി വരുന്നത്.
ജനനി ജന്മരക്ഷ:  3.35 കോടിയുടെ ധനസഹായ വിതരണം
അട്ടപ്പാടി മേഖലയിലെ പട്ടികവിഭാഗം സ്ത്രീകള്ക്കായുള്ള ജനനി ജന്മരക്ഷ പദ്ധതിപ്രകാരം ഗര്ഭിണിയായി മൂന്നാം മാസം മുതല് കുട്ടിക്ക് ഒരു വയസ്സാകുന്നത് വരെയുള്ള 18 മാസം പോഷകമൂല്യമുള്ള ഭക്ഷണത്തിനായി പ്രതിമാസം 2000 രൂപ വിധം ധനസഹായം നല്കുന്നു. നിലവില് മൂന്ന് പഞ്ചായത്തുകളായി 3.35 കോടിയാണ് പദ്ധതിപ്രകാരം ചെലവഴിച്ചത്.
2.03 കോടിയുടെ ചികില്സാ ധനസഹായം
അട്ടപ്പാടിയുടെ പട്ടികവര്ഗ വിഭാഗം രോഗികള്ക്കുള്ള ‘ചികിത്സ സഹായ പദ്ധതി’ പ്രകാരം ഇതുവരെ 2.03 കോടി 16637 ഗുണഭോക്താക്കള്ക്കായി വിതരണം ചെയ്തു. ഒരാള്ക്ക് പരമാവധി 5000 രൂപ വരെയാണ് ചികിത്സാ ധനസഹായമായി നല്കുക . എല്ലാ തരം രോഗികളെയും പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
സിക്കിള് സെല് അനീമിയ രോഗികള്ക്ക് 1.34 കോടിയുടെ ധനസഹായം
സിക്കിള്സെല് അനീമിയ രോഗികള്ക്ക് പ്രതിമാസം 1500 രൂപ വീതം അനുവദിക്കുന്ന സിക്കിള്സെല് അനീമിയ ധനസഹായ പദ്ധതി പ്രകാരം രോഗികളുടെ ചികിത്സാ ചെലവും പോഷകമൂല്യമുള്ള ഭക്ഷണവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. ഇക്കഴിഞ്ഞ നാലു വര്ഷക്കാലയളവില് 492 പേര്ക്ക് 1.34 കോടി ധനസനഹായമായി നല്കി.
അട്ടപ്പാടിയിലെ അനാഥ കുട്ടികള്ക്കായി ‘കൈത്താങ്ങ്’
അട്ടപ്പാടിയിലെ അനാഥരായ പട്ടികവര്ഗ വിഭാഗം കുട്ടികള്ക്കായുള്ള ‘കൈത്താങ്ങ്’ പദ്ധതിപ്രകാരംം നാല് വര്ഷക്കാലയളവില് 115 കുട്ടികള്ക്ക് 57.33 ലക്ഷം അനുവദിച്ചു. കുട്ടികള്ക്ക് 18 വയസാവുന്നത് വരെ പ്രതിമാസം 1500 രൂപ വീതമാണ് പദ്ധതി വഴി നല്കുക. കുട്ടികളെ സംരക്ഷിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പദ്ധതിപ്രകാരം തുക അനുവദിക്കുക.
തൊഴില് രഹിതരെ ലക്ഷ്യമിട്ട് ഗോത്ര ജീവിക പദ്ധതി
അട്ടപ്പാടിയിലെ തൊഴില്രഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് ആരംഭിച്ച ഗോത്ര ജീവിക പദ്ധതി പ്രകാരം മേശന്, പ്ലമ്പിങ്, ഇലക്ട്രിക്കല് വര്ക്കുകളില് പരിശീലനം നല്കുകയും ലൈഫ് മിഷന് ഒന്നാം ഘട്ടത്തില് ഉള്പ്പെട്ട വീടുകളിലെ പ്രവൃത്തികള് ഏറ്റെടുത്ത് പൂര്ത്തിയാക്കുകയും ചെയ്തു. അഗളി, ഷോളയൂര് പഞ്ചായത്തുകളില് രജിസ്റ്റര് ചെയ്ത ഓരോ സംഘവും പുതൂര് പഞ്ചായത്തില് രണ്ടു സംഘങ്ങളുമാണ് ഇത്തരത്തില് രജിസ്റ്റര് ചെയ്ത് പ്രവര്ത്തിക്കുന്നത്.
9.6 ലക്ഷം ചെലവില് പ്രകൃതിസൗഹൃദ തൂക്ക്പാലം
പുതൂര് പഞ്ചായത്തിലെ തുടുക്കി, ഗലസി, കടുക് മണ്ണ ഉള്പ്രദേശങ്ങളിലെ ഊര് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന് 9.6 ലക്ഷം ചെലവില് ഭവാനി പുഴക്ക് കുറുകെ സ്ഥാപിച്ച തൂക്കുപാലം നൂറോളം പേര്ക്ക് ഉപകാരപ്രദമായി. പ്രദേശത്തെ ഊരുവാസികള്ക്ക് കൊടും വനത്തിലൂടെയുളള യാത്ര ഒഴിവാക്കാമെന്ന് മാത്രമല്ല, മഴക്കാലത്ത് പുഴ മറികടക്കാനുള്ള പ്രയാസവും ഇതോടെ പരിഹരിക്കപ്പെട്ടു.
മുക്കാലി – ചിണ്ടക്കി റോഡ് യഥാര്ഥ്യമായി
അട്ടപ്പാടിയിലെ ജനങ്ങളുടെ ഏറെനാളത്തെ ആവശ്യമായിരുന്ന മുക്കാലി -ചിണ്ടക്കി റോഡ് യഥാര്ഥ്യമായതോടെ റേഷന്കട ഉള്പ്പെടെയുള്ള ആവശ്യങ്ങള്ക്കായി മണിക്കൂറുകളോളം നീളുന്ന വനത്തിലൂടെയുളള യാത്രാ ക്ലേശത്തിന് പരിഹാരമായി. ആനവായി, ഗലസി,മേലെ തുടുക്കി, താഴെ തുടുക്കി, കടുകുമണ്ണ, കിണറ്റുകര, മുരുഗള, പാലപ്പട, തടിക്കുണ്ട്, ചിണ്ടക്കി, വീരന്നൂര് തുടങ്ങിയ 11 ഓളം ഊരുകളിലെ 500 ഓളം കുടുംബങ്ങളുടെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. മുക്കാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതല് ചിണ്ടക്കി വരെ 1.20 കോടി ചെലവില് 2.65 കിലോമീറ്റര് റോഡാണ് ഗതാഗതയോഗ്യമാക്കിയത്. വനത്തിനുള്ളിലുള്ളിലായതിനാല് ഇന്റര് ലോക്ക് പാകിയാണ് റോഡ് നിര്മിച്ചിരിക്കുന്നത്.
മില്ലറ്റ് ഗ്രാമം പദ്ധതി: അട്ടപ്പാടിയില് 1963 മെട്രിക് ടണ് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം
അട്ടപ്പാടി മേഖലയില് പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും തനത് ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി 2017 ല് ആരംഭിച്ച മില്ലറ്റ് പദ്ധതിയിലൂടെ ഇതുവരെ ഉത്പാദിപ്പിച്ചത് 1963 മെട്രിക് ടണ് ഭക്ഷ്യധാന്യങ്ങള്. 2017 – 2020 വര്ഷങ്ങളില് കൃഷിവകുപ്പ് പട്ടികവര്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ 71 ഊരുകളിലായി 2760 ഹെക്ടര് ഭൂമിയിലാണ് കൃഷിയിറക്കിയത്. ആദിവാസി വിഭാഗങ്ങളുടെ തനത് ഭക്ഷണങ്ങളായ റാഗി, ചാമ, തിന തുടങ്ങിയ ചെറു ധാന്യങ്ങള് പയര്, തുവര, മുതിര, ഉഴുന്ന് തുടങ്ങിയ പയര്വര്ഗങ്ങള്, കടുക്, എള്ള്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കള്, പച്ചക്കറികള് ചീയ, ക്വിനോവ തുടങ്ങിയ സൂപ്പര് ഫുഡ് ധാന്യങ്ങളാണ് പ്രധാനമായും മില്ലറ്റ് പദ്ധതി പ്രകാരം ഉത്പാദിപ്പിച്ചത്.
ഉപയോഗശേഷം ബാക്കിയുള്ള ഭക്ഷ്യധാന്യങ്ങള് സംസ്‌കരിച്ച് മൂല്യവര്ദ്ധനവ് നടത്തി ആഭ്യന്തരവിപണിയില് എത്തിക്കാനുമായി എന്നതാണ് മില്ലറ്റ് പദ്ധതി പ്രകാരമുള്ള മറ്റൊരു നേട്ടം. അട്ടപ്പാടിയിലെ പരമ്പരാഗത വിളകളായ അട്ടപ്പാടി തുവരക്കും ആട്ടുകൊമ്പന് അവരക്കും ഭൗമസൂചികാ പദവി ലഭ്യമായതിന് പുറമെ പരമ്പരാഗത വിത്തുകളുടെ സുഗമമായ ലഭ്യതയ്ക്കും വിതരണത്തിനുമായി സീഡ് ബാങ്കുകള്, ആദിവാസി കര്ഷക വിഭാഗത്തിന് കൂടുതല് ലാഭം ലക്ഷ്യമിട്ട് കാര്ഷിക ഉത്പാദന സംഘം സ്ഥാപനം എന്നിവയും മില്ലറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.
അട്ടപ്പാടിയിലെ ഉള്പ്രദേശങ്ങളില് സഞ്ചരിക്കുന്ന റേഷന് കട
സിവില് സപ്ലൈസ് വകുപ്പ് ഐ.ടി.ഡി.പി, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അട്ടപ്പാടിയിലെ ഉള്പ്രദേശങ്ങളിലുള്ള ആദിവാസി ഊരുകള് കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന റേഷന്കട സജ്ജമാക്കി. പുതൂര് പഞ്ചായത്തിലെ മേലെ ആനവായ്, താഴെ ആനവായ്, ഗലസി, കടുക് മണ്ണ, മുരുകള, പാലപ്പട, കിണറ്റുകര, മേലെ തൊഡുക്കി, താഴെ തൊഡുക്കി, തുടങ്ങിയ ഊരുകളിലാണ് ആദ്യഘട്ടത്തില് സഞ്ചരിക്കുന്ന റേഷന്കട നടപ്പാക്കിയത്. ഈ പ്രദേശങ്ങളിലെ 120 ഓളം കുടുംബങ്ങള്ക്ക് 20 കിലോമീറ്ററിലധികം വനപ്രദേശത്ത്കൂടെ സഞ്ചരിച്ച് റേഷന് കടയില് എത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി കൃത്യമായി റേഷന് എത്തിക്കുക ലക്ഷ്യമിട്ടാണ് സഞ്ചരിക്കുന്ന റേഷന് കട ആരംഭിച്ചത്.