കൊല്ലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ശിശുക്ഷേമ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതുവഴി ജില്ല ശിശുസൗഹൃദത്തില്‍ മാതൃകയെന്ന് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ദേശീയ കമ്മീഷന്‍ ഡോ ജി ആര്‍ ആനന്ദ്. ശിശുസംരക്ഷണം സംബന്ധിച്ച് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം ദിവസേന ചേരുന്നതിനാല്‍ ശിശുസംരക്ഷണം സംബന്ധിച്ച വിഷയങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാമെന്നത് ജില്ലയെ സംബന്ധിച്ച് ഏറെ പ്രശംസനീയമാണെന്ന് കമ്മീഷന്‍ പറഞ്ഞു. ശിശു സംരക്ഷണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ കൈക്കൊള്ളാന്‍ ഇത് സഹായിക്കുമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയിലെ കെയര്‍ ഹോമുകളില്‍ താമസിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികളില്‍ 17 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചിട്ടുള്ളതെന്നത് ജില്ലയിലെ ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ യോഗത്തില്‍ അധ്യക്ഷനായി. ഉദ്യോഗസ്ഥരുമായി നടന്ന അവലോകന യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസ് മീറ്റില്‍ കമ്മീഷന്‍ മാധ്യമങ്ങളെ അറിയിച്ചു.
ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും റിപ്പോര്‍ട്ട് ചെയ്യപ്പട്ട പരാതികളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിശു സൗഹാര്‍ദ്ദ അന്തരീക്ഷം ജില്ലയിലുണ്ടെന്ന നിഗമനത്തില്‍ കമ്മീഷനെത്തിയത്. ഇക്കാര്യത്തില്‍ പോലീസ് അടക്കമുള്ള നിര്‍വഹണ ഉദ്യോഗസ്ഥരെ കമ്മീഷന്‍ യോഗത്തില്‍ അഭിനന്ദിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ശിശു സംരക്ഷണ പദ്ധതികളുടെ നിലവിലെ പുരോഗതിയും പ്രവര്‍ത്തന രീതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു. ദേശീയ-സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിട്ടുള്ള ശിശുക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി ഏകോപിപ്പിക്കണമെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമം ജില്ലയിലെ സ്‌കൂളുകള്‍ എത്രത്തോളം പാലിക്കുന്നുണ്ടെന്ന വിഷയത്തില്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.