പാലക്കാട്: ജില്ലയില് 18 ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും കൂടി ശുചിത്വ പദവി കൈവരിച്ചതായി ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര് വൈ. കല്യാണ കൃഷ്ണന് അറിയിച്ചു. ഇതോടെ ജില്ലയില് ശുചിത്വ പദവി നേടിയ ഗ്രാമ പഞ്ചായത്തുകള് 64 ആയി. നഗരസഭകള് അഞ്ചെണ്ണവും. ഫെബ്രുവരി അഞ്ചു മുതല് 15 വരെ ഹരിത കേരളം മിഷന്, ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷന് പ്രതിനിധികള് നടത്തിയ പരിശോധനയെത്തുടര്ന്നാണ് പ്രഖ്യാപനം.
നെല്ലായ, പറളി, പൊല്പ്പുള്ളി, തിരുമിറ്റക്കോട്, പെരുവെമ്പ്, തെങ്കര, പെരുമാട്ടി, കൊപ്പം, കുമരംപുത്തൂര്, പുതുക്കോട്, എലപ്പുള്ളി, വിളയൂര്, നാഗലശ്ശേരി, തച്ചമ്പാറ, മുതലമട, ആനക്കര, കൊഴിഞ്ഞാമ്പാറ, കുഴല്മന്ദം എന്നീ ഗ്രാമ പഞ്ചായത്തുകളും മണ്ണാര്ക്കാട് നഗരസഭയുമാണ് ശുചിത്വ പദവി നേടിയത്. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് പദവി പുരസ്‌ക്കാരവും സാക്ഷ്യപത്രവും ഉടന് നല്കും. ജില്ലയില് പട്ടാമ്പി, പാലക്കാട് നഗരസഭകളും 24 ഗ്രാമ പഞ്ചായത്തുകളും കൂടി ശുചിത്വ പദവി കൈവരിക്കാനുണ്ടെന്നും മിഷന് കോഡിനേറ്റര് അറിയിച്ചു.