മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാല് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഹ്യൂമാനിറ്റീസ് ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനവും ഐ.ക്യു.എ.സി., റിസര്‍ച്ച് ഡയറക്ട്രേറ്റ് എന്നിവക്കുള്ള 3.35 കോടി രൂപയുടെ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ  നൂറ് ദിന പരിപാടികളുടെ രണ്ടാംഘട്ടമായാണ് മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷ ഭരണത്തില്‍ കേരളത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂറ് പദ്ധതികളില്‍ ഒട്ടുമിക്കതും പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവ പൂര്‍ത്തീകരിക്കാനുള്ള നടപടികളിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പങ്കെടുത്തു. സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ഡോ. എം.കെ. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രോവൈസ് ചാന്‍സലര്‍ ഡോ. എം നാസര്‍ അധ്യക്ഷനായി. സര്‍വ്വകലാശാല എഞ്ചിനീയര്‍ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ ഹനീഫ, ഡോ.എം മനോഹരന്‍, ഡോ. കെപി വിനോദ്കുമാര്‍, എന്‍ വി അബ്ദുറഹ്‌മാന്‍, ഡോ. റഷീദ് അഹമ്മദ്, ഐക്യൂഎസി ഡയറക്ടര്‍ പി ശിവദാസന്‍, രജിസ്ട്രാര്‍ ഡോ.ഇകെ സതീഷ് എന്നിവര്‍ സംസാരിച്ചു.

ആധുനിക സൗകര്യങ്ങളോടെ ഒന്നാം നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ  സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, വിമന്‍സ് സ്റ്റഡീസ് പഠനവകുപ്പുകള്‍ക്ക്  പൂര്‍ണമായും ഹ്യൂമാനിറ്റീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനാവും. സ്ഥല പരിമിതിയുള്ള ഐ.ക്യു.എ.സി., റിസര്‍ച്ച് ഡയറക്ട്രേറ്റ് എന്നിവക്ക് കെട്ടിടങ്ങളാവുകയെന്ന ദീര്‍ഘനാളത്തെ ആവശ്യവും ഇതോടെ  സഫലമാകാന്‍ പോകുകയാണ്.