തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയത്തോടൊപ്പം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ഇനി അക്കോമഡേഷന്‍ ബ്ലോക്കും ഉയരും. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രാവശ്യങ്ങള്‍ക്കായി ഉയരുന്ന കെട്ടിട സമുച്ചയത്തിന് 1.88 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 19ന് രാവിലെ 11ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കച്ചേരിപ്പുരയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയമായി മാറുന്നത്. കച്ചേരിപ്പുര വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുസിരിസ് പൈതൃക പദ്ധതിയുമായി ഏര്‍പ്പെട്ട കരാറില്‍ ദേവസ്വം ബോര്‍ഡിന് മറ്റൊരു കെട്ടിട സമുച്ചയം നിര്‍മിച്ചുനല്‍കാമെന്ന് പദ്ധതി അധികൃതര്‍ ഏറ്റിരുന്നു. ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന സ്ഥലത്ത് മീറ്റിങ് ഹാളുകള്‍, താമസ സൗകര്യം, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, സ്റ്റോര്‍ മുറി, സ്‌ട്രോങ് റൂം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന കെട്ടിടമാണ് ക്ഷേത്രപരിസരത്ത് നിര്‍മിക്കുന്നത്.
അക്കൊമൊഡേഷന്‍ ബ്ലോക്ക് പൂര്‍ത്തിയാകുന്നതോടു കൂടി ക്ഷേത്ര മ്യൂസിയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുവാന്‍ കഴിയും. ക്ഷേത്ര കലകളും, ആചാരാനുഷ്ഠാനങ്ങളുമെല്ലാം പ്രദര്‍ശിപ്പിക്കപ്പെടുന്ന ബൃഹത്തായ മ്യൂസിയമാണ് ഇവിടെ സ്ഥാപിക്കപ്പെടുകയെന്ന് അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ പറഞ്ഞു.ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചരിത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റും ഉള്‍പ്പെടുത്തിയാണ് മ്യൂസിയം നിലവില്‍ വരിക. പുരാതന ക്ഷേത്രങ്ങളിലെ ആരാധനാക്രമങ്ങളും ഐതിഹ്യങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ സംവിധാനം ചെയ്യും.
ചടങ്ങില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്, ബെന്നി ബഹനാന്‍ എം പി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി നന്ദകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം വകുപ്പ് സെക്രട്ടറി പി ബാലകിരണ്‍ പദ്ധതി വിശദീകരിക്കും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം യു ഷിനിജ, വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സുമേഷ് സി എസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ വി കെ അയ്യപ്പന്‍, എം ജി നാരായണന്‍, സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ എന്‍ ജ്യോതി, സെക്രട്ടറി വി എ ശ്രീജ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ കെ മനോജ്, ദേവസ്വം ബോര്‍ഡ് തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുനില്‍കുമാര്‍, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ് എന്നിവര്‍ പങ്കെടുക്കും.