തൃശൂര്‍: നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ആന്‍ഡ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഫെബ്രുവരി 18) രാവിലെ 10.30 ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷധ വഹിക്കും. ഡിസ്ട്രിക്ട് പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ റൂമിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും, സി സി ടി വി ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാറും നിര്‍വഹിക്കും.

കോര്‍പറേഷന്റെ പ്രധാന സ്ഥലങ്ങളില്‍ 5 കോടി രൂപ ചിലവിലാണ് 253 സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി കോര്‍പറേഷനും, കേരള പോലീസും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കോര്‍പ്പറേഷന്‍ പരിധിയില്‍ നടക്കുന്ന അപകടങ്ങള്‍, അക്രമങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാന്‍ സാധിക്കും. തല്‍സമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനും സ്മാര്‍ട്ട് ആന്‍ഡ് സേഫ് സിറ്റി പ്രോഗ്രാം വഴി സാധിക്കും.

സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഷൈബി ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍, ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍, ഡി ജി പി ആന്‍ഡ് സ്റ്റേറ്റ് പോലീസ് ചീഫ് ലോക് നാഥ് ബഹ്‌റ, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, തൃശൂര്‍ റേഞ്ച് ഡി ഐ ജി എ അക്ബര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.