തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സപ്ലൈകോയുടെ വിൽപ്പന ശാലകൾ തുറക്കുമെന്ന സർക്കാർ നയം ലക്ഷ്യംകൈവരിച്ചതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. പേട്ടയിൽ പുതുതായി ആരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവും സമ്പൂർണ വിൽപ്പനശാല പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സപ്ലൈകോ സൂപ്പർ മാർക്കറ്റ് വേണമെന്നു ജനങ്ങൾ ആവശ്യപ്പെട്ട ഇടങ്ങളിലെല്ലാം അവ യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജനങ്ങളുടെ അഭിരുചിയും ജീവിതശൈലിയും മാറുന്നതിനൊപ്പം സപ്ലൈകോയും അടിമുടി മാറി. ഇതിന്റെ ഭാഗമായി നൂറോളം മാവേലി സ്റ്റോറുകളെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളായി ഉയർത്തി. 85 ലക്ഷത്തോളം വരുന്ന കാർഡ് ഉടമകൾക്ക് എല്ലാ മാസവും പരാതികളില്ലാതെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ കഴിയുന്നത് ഏറെ അഭിമാനകരമാണ്. കേരളത്തിലേതുപോലെ വിപുലമായ പൊതുവിതരണ ശൃംഖല രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നും മന്ത്രി പറഞ്ഞു.

പേട്ടയിലേതിനു പുറമേ സംസ്ഥാനത്തെ മറ്റു 13 സൂപ്പർ മാർക്കറ്റുകളുടെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 98 പുതിയ വിൽപ്പനശാലകളാണു സപ്ലൈകോ തുറന്നത്. 194 എണ്ണത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, വാർഡ് കൗൺസിലർമാർ, ഭക്ഷ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവരും സംബന്ധിച്ചു.