എറണാകുളം: വർഷങ്ങൾക്കു ശേഷം കൊച്ചിയിലേക്ക് അന്താരാഷ്ട്ര ചലച്ചിത്രമേള എത്തുമ്പോൾ കാണുന്നത് യുവജനതയുടെ വലിയ ആവേശമാണെന്ന് ചലച്ചിത്ര പ്രവർത്തകയും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡൻ്റുമായ ബീന പോൾ. ചലച്ചിത്രമേളയ്ക്കായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുൻപേ ആരംഭിച്ചതാണ്. ട്രാവലിംഗ് ഫെസ്റ്റിവലായിരുന്ന സമയത്ത് ഫെസ്റ്റിവൽ കൊച്ചിയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കാൾ കൊച്ചിയിലെ യുവജനങ്ങളുടെ പങ്കാളിത്തം ആവേശകരമാണ്. ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമാകുകയും ഈ അന്തരീക്ഷം ആസ്വദിക്കാൻ കൊച്ചിയിലെ യുവാക്കൾക്ക് അവസരം ലഭിക്കുന്നതോടെ കൂടുതൽ പേർ ചലച്ചിത്രമേളയിലേക്ക് എത്തിപ്പെടുമെന്നും ബീന പറഞ്ഞു.

ജനങ്ങളിലേക്കിറങ്ങി വന്ന മേള

മേള മഹത്തരമാകുന്നത് പ്രേക്ഷക സാന്നിധ്യം കൊണ്ടും ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പു കൊണ്ടുമാണെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളിലേക്കിറങ്ങി വന്നിരിക്കുകയാണ് ഇത്തവണത്തെ മേള. ചലച്ചിത്ര മേള എന്നത് ഉത്സവമാണ്. സംവാദങ്ങളും ചർച്ചകളും അതിനെ സജീവമാക്കുന്നു. ലോകത്തിൽ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ ലഭിക്കുന്ന അന്താരാഷ്ട്ര മേളയാണിത്. ഫോട്ടോ പ്രദർശനത്തിൽ ചലച്ചിത്ര മേളയുടെ സമഗ്ര ചരിത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ കാഴ്ച മാത്രമല്ല കാഴ്ചയോടു ചേർന്നുള്ള സംവാദങ്ങളും ചർച്ചകളുമാണ് മേളയെ സജീവമാക്കുന്നത്.

അതിശയിപ്പിച്ച് കൊച്ചിയിലെ ചങ്ക്സ്

മേള കൊച്ചിയിലെത്തുമ്പോൾ പങ്കാളിത്തത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. കോവിഡിൻ്റെ പ്രതികൂല സാഹചര്യത്തിലും അതിശയിപ്പിക്കുന്ന പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചതെന്ന് 25 വർഷത്തെ മേളയുടെ ചരിത്രം അവതരിപ്പിക്കുന്ന ഫോട്ടോ പ്രദർശനം ക്യുറേറ്റ് ചെയ്ത ചലച്ചിത്ര അക്കാദമി കൗൺസിൽ അംഗം സജിത മഠത്തിൽ പറഞ്ഞു. വിദ്യാർഥികളും സിനിമാപ്രേമികളും ധാരാളമായെത്തുന്നുണ്ട്.
മേളയുടെ ചരിത്രമാണ് ചിത്രങ്ങളിൽ തെളിയുന്നത്. സാങ്കേതിക വിദ്യ മേളയിലുണ്ടാക്കിയ മാറ്റങ്ങൾ പുതിയ തലറുറയ്ക്ക് മനസിലാക്കാനുള്ള അവസരം കൂടിയാണ് ചിത്രപ്രദർശനമെന്നും സജിത പറഞ്ഞു. മേളയുടെ ബന്ധപ്പെട്ട ചിത്രങ്ങൾക്കായി ഐഎഫ്എഫ്കെ സ്റ്റോറീസ് എന്ന വെബ് സൈറ്റും തയാറാക്കിയിട്ടുണ്ട്.

സംഘാടന മികവ്

ചലച്ചിത്ര മേളയുടെ 25-ാമത് എഡിഷൻ മുഖ്യധാര സിനിമ പ്രവർത്തകരുടെ കൂടെ സഹകരണത്തോടെ മേള നടക്കുന്നുവെന്നത് വലിയ പ്രത്യേകതയാണെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. കൊച്ചിയിൽ 2500 ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലത്ത് വിജയകരമായി മേള സംഘടിപ്പിക്കാൻ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്രമീകരണങ്ങളാണ് മേളയുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേഖലയ്ക്ക് ഉണർവാകും

ചലച്ചിത്ര മേളയ്ക്ക് കൊച്ചി വേദിയാകുന്നതിൽ വലിയ സന്തോഷമുണ്ടന്ന് ജിസിഡിഎ ചെയർമാൻ അഡ്വ.വി.സലിം പറഞ്ഞു. കോ വിഡ് കാലത്ത് നാട് നിശ്ചലമായ സമയമാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന മേള ചലച്ചിത്രമേളയ്ക്ക് പുത്തനുണർവ്വ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.