തൃശ്ശൂർ: 50 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച പരിയാരം വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. റവന്യു ഓഫീസിന്റെ കീഴില്‍ വരുന്ന വില്ലേജ് ഓഫീസ് സംവിധാനം കൂടുതല്‍ ആധുനിക സൗകര്യങ്ങളിലേക്ക് മാറുന്നതിന്റെ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് ഇനി വരാന്‍ പോകുന്നത്. കാലതാമസമില്ലാതെ പൊതുജനങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഓരോ വില്ലേജ് ഓഫീസുകള്‍ക്കും കഴിയണം. ഇതിന് പ്രാപ്തമാക്കുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നമ്മള്‍ പൂര്‍ത്തീകരിച്ചു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബി ഡി ദേവസ്സി എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കലക്ടര്‍ എസ് ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം റെനീഷ് പി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ജേക്കബ്, വാര്‍ഡ് മെമ്പര്‍ ഡാര്‍ലി പോള്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.