മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലേയും വീടുകളെല്ലാം മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ സേന രംഗത്തിറങ്ങുന്നു. രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത, അജൈവ മാലിന്യ ശേഖരണം, ക്‌ളീനിംഗ് ഡ്രൈവ് എന്നിവയുടെ ബ്ലോക്ക്തല  ഉദ്ഘാടനം കൊട്ടിയത്ത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
മാലിന്യരഹിതമായ പരിസരം ഉറപ്പാക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതു സാധ്യമാക്കാന്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും ധനസമാഹരണവും കൂടി വേണം. തദ്ദേശ ഭരണ സ്ഥാപന ഭാരവാഹികള്‍ മുന്‍കൈയെടുത്ത് പരമാവധി പേരുടെ സഹകരണം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
എം. നൗഷാദ് എം. എല്‍. എ. അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത മോഹന്‍, വിനിത കുമാരി, അംഗങ്ങളായ കെ. റഷീദ, യു. ഉമേഷ്, എല്‍. ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ, ഹരിത കേരളം മിഷന്‍,  ശുചിത്വമിഷന്‍ എന്നിവ സംയുക്തമായി നടത്തുന്ന പരിശീലനത്തില്‍ പങ്കെടുത്ത  ഹരിതകര്‍മ സേനാംഗങ്ങളാണ് വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നത്. ഇവ ഏജന്റുമാര്‍ക്ക് കൈമാറി സംസ്‌കരിക്കുംവിധമാണ് പദ്ധതി നടപ്പിലാക്കുന്നത്.