കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് വിരമിച്ച 1050 തൊഴിലാളികൾക്ക് 16.50 കോടി രൂപ ഗ്രാറ്റുവിറ്റിയായി ഇന്ന് (ഫെബ്രുവരി 18) മുതൽ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. 2015 വരെ കോർപ്പറേഷനിൽ നിന്ന് പിരിഞ്ഞ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. 2015 മുതൽ 2020 വരെയുള്ള കാലയളവിൽ വിരമിച്ച തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

63 കോടി രൂപയാണ് ഇതിന് ആവശ്യമായി വരുന്നതെന്ന് കണക്കാക്കി 2021-22 വർഷത്തെ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കാഷ്യൂ കോർപ്പറേഷന് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ പ്രവർത്തനങ്ങൾക്കായി ഇതുവരെ 337.50 കോടി രൂപ നൽകി.  ഇതേ കാലയളവിൽ കാപ്പക്സിന് 60.85 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 8.11 കോടി രൂപ 872 തൊഴിലാളികൾക്ക്  ഗ്രാറ്റുവിറ്റി നൽകുന്നതിനാണ്  ഉപയോഗിച്ചത്.