എറണാകുളം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) മുഖ മുദ്രയാണ് തോൽപ്പാവയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന “ലങ്കാ ലക്ഷ്മി” എന്ന ലോഗോ. രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ലോഗോയാണ് “ലങ്കാ ലക്ഷ്മി”. അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ, മേളയ്ക്കും സിനിമയ്ക്കും നിരവധി മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം സിനിമ പ്രേമികൾക്കും ഈ ലോഗോയ്ക്ക് പിന്നിലെ ചരിത്രത്തേക്കുറിച്ച് കൃത്യമായ അറിവില്ല. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ ദേവപ്രീതിക്കായി നടത്തി വരുന്ന അനുഷ്ഠാനമാണ് തോൽപ്പാവക്കൂത്ത്.
നിഴലും വെളിച്ചവും കൊണ്ടുള്ള ദൃശ്യകലയാണ് സിനിമ. ലങ്കാലക്ഷ്മി എന്ന ഈ ലോഗോ കേരളത്തിലെ ദൃശ്യകലാ സംസ്ക്കാരത്തിന്റെ വേരുകളെ ഓർമ്മിപ്പിക്കുന്നു. സിനിമയുടെ ആദ്യരൂപം എന്ന് കരുതുന്ന നിഴൽ നാടക സമ്പ്രദായത്തിന്റെ അതിപുരാതനമായ പാരമ്പര്യം കേരളക്കരയിൽ ഉണ്ട്. തോൽപ്പാവക്കൂത്ത്. പണ്ട് മനുഷ്യനോട് ഏറ്റവും അടുത്ത് വിസ്മയകരമായി സംവദിച്ച കലാരൂപമാണ് പാവക്കൂത്ത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ലോകത്തിലെ ആദ്യത്തെ കലാരൂപമായി തോൽപ്പാവക്കൂത്തിനെ കണക്കാക്കുന്നു.
ഇന്ത്യൻ പനോരമയ്ക്കുവേണ്ടി, സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചിത്രരൂപത്തിന്റെ അന്വേഷണത്തിനൊടുവിൽ സംവിധായകൻ ജി.അരവിന്ദൻ എത്തിച്ചേർന്നത് ലങ്കാലക്ഷ്മി എന്ന തോൽപ്പാവരൂപത്തിലാണ്. മുന്നൂറോളം വർഷം പഴക്കമുള്ള പഴയ പാവകൾ പരിശോധിച്ച്, ദൃശ്യഭംഗിയും, സന്ദർഭ സാധ്യതയും ഉള്ള ഈ രൂപം തിരഞ്ഞെടുത്തത്, മുതിർന്ന തോൽപ്പാവക്കൂത്ത് കലാകാരൻ കൃഷ്ണൻകുട്ടി പുലവർ ആണ്.
ലങ്കയുടെ കാവൽക്കാരി ആയിരുന്ന ലങ്കാലക്ഷ്മി, ബ്രഹ്മാവിന്റെ ശാപമേറ്റ് രാക്ഷസിയാവുകയും പിന്നീട് ഹനുമാന്റെ സ്പർശനമേറ്റ് ശാപമോക്ഷം നേടുകയും ചെയ്തു. ശാപമോക്ഷം കിട്ടി, ലങ്കാലക്ഷ്മി കൈകൾ മുകളിലേക്ക് ഉയർത്തി വിശ്വ രൂപത്തിലേക്ക് മാറുന്നതാണ് ഈ രൂപത്തിന്റെ സന്ദർഭ പശ്ചാത്തലം.
അരവിന്ദൻ വരച്ച ഈ ലോഗോ 1998 രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പ് മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ഈ ലോഗോ കൂടുതൽ പരിഷ്കരിച്ച്, 1999 ലെ ഐ. എഫ്. എഫ്. കെ നാലാം പതിപ്പിൽ പുറത്തിറക്കി. പാവകൂത്ത് എന്ന അനുഷ്ഠാനവും പാവകൂത്ത് കലാകാരന്മാരും കേരള സംസ്കാരത്തിൻ്റെ ഒരു ഭാഗമാണ്. അതിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ് ലങ്കാലക്ഷ്മി എന്ന ലോഗോ.