കോട്ടയം: അടച്ചുറപ്പുളള വീടെന്ന മോഹവുമായി സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയ ഹേമന്തിന് ലൈഫ് മിഷനില്‍ വീടു ലഭിക്കും. മാനസിക വെല്ലുവിളികൾ നേരിടുന്ന ഹേമന്ത് അമ്മ വനജയോടൊപ്പമാണ് നാനാടം ആതുരാശ്രമം ഹാളില്‍ അദാലത്തിനെത്തിയത്.

തലയോലപ്പറമ്പ് പഞ്ചായത്തിൽ വടയാർ തേനേത്ത് വീട്ടിൽ മുരളിയുടെയും വനജയുടെയും മൂത്ത മകനാണ് ഈ 23 കാരന്‍. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ചെറിയ ഷെഡിലാണ് ഇവര്‍ കഴിയുന്നത്.

ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് കുടുംബം പുലർത്തിയിരുന്ന മുരളിക്ക് നാലു വർഷം മുമ്പ് ഹൃദ്രോഗമുണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായി. ഹേമന്തിന് പരസഹായം കൂടാതെ നടക്കാൻ പോലും സാധിക്കാത്തതിനാൽ അമ്മ എപ്പോഴും കൂടെയുണ്ടാകണം. ഇളയ മകൾ ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്നു. നിലവിൽ സ്ഥിര വരുമാനമില്ലാത്ത ഹേമന്തിന്‍റെ കുടുംബത്തിന് സർക്കാരിന്‍റെ ക്ഷേമ പെൻഷനാണ് ഏക ആശ്രയം.

ഹേമന്തിന്‍റെ കുടുംബത്തിന്‍റെ സ്ഥിതി ചോദിച്ചറിഞ്ഞ മന്ത്രി ഡോ. കെ.ടി. ജലീല്‍ ലൈഫ് മിഷന്‍റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി വീട് നിര്‍മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു.