എറണാകുളം: കാടിനെയും കാടിൻറെ മക്കൾക്കും എതിരെ നാട് നടത്തുന്ന നീതി നിഷേധങ്ങളുടെ കഥ പറയുകയാണ് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ‘കോസ’ എന്ന ചിത്രം. കരീന ജഗത്, കുനൽ ഭാംഗേ, മോന വഗ്മാരെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം, 25- മത് ഐ എഫ്‌ എഫ് കെ യിൽ രാജ്യാന്തര വിഭാഗത്തിൽ മത്സരിക്കുന്നു.

ചത്തീസ്ഗഡിലെ ബസ്റ്റർ മേഖലയിൽ നക്സലൈറ്റ് അനുഭവമുണ്ട് എന്ന ആരോപണം ഉന്നയിച്ച് നിരവധി കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിച്ച് അവരെ അടിച്ചമർത്തുന്ന അധികാരികളുടെയും അവർക് നേരെ കണ്ണടക്കുന്ന മാധ്യമങ്ങളെയും ചിത്രം തുറന്ന് കാട്ടുന്നു. വികസനത്തിന്റെ മറവിലും തീവ്രവാദത്തിന്റെ പേരിലും നടക്കുന്ന മനുഷ്യത്വം ലംഘനതിന്റെ യഥാർത്ഥ രൂപമാണ് സംവിധായകൻ വരച്ച് കാട്ടുന്നത്.

യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചിത്രം തദ്ദേശീയർക്ക് പ്രാധാന്യം നൽകുന്നു. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ ചിത്രം ചർച്ചചെയ്യപ്പെടേണ്ടതിന്റെ പ്രസക്തി സംവിധായകൻ കാഴ്ചക്കാരോട് പറയുന്നു. കൊസയുടെ നിലവിളി നമ്മുടെ ഹൃദയത്തിലും മുഴങ്ങി കേൾപ്പിക്കാൻ സിനിമയുടെ തിരക്കഥയ്ക് കഴിയുന്നുണ്ട്.