കോട്ടയം: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവിന്‍റെ കേന്ദ്രങ്ങളായ പൊതുവിദ്യാലയങ്ങൾ നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം ജില്ലയില്‍ മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്‍‍ഡറി സ്കൂൾ, വൈക്കം ജി.ബി.എച്ച്.എസ്.എസ്, പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂൾ, പൊൻകുന്നം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂൾ എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.

മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുള്ള പത്ത് എയ്ഡഡ് സ്‌കൂളുകളാണ് സർക്കാർ കഴിഞ്ഞ ദിവസം ഏറ്റെടുക്കാൻ തീരുമാനിച്ചത്. എയ്ഡഡ്, സർക്കാർ മേഖലകളില്‍ സ്‌കൂളുകൾ അടച്ചുപൂട്ടേണ്ടതല്ലെന്ന നിലപാടാണ് സ്വീകരിച്ചത്-മുഖ്യമന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളുടെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിന് വലിയ തോതിൽ തുക നിക്ഷേപിച്ചു. 973 വിദ്യാലയങ്ങൾക്ക് 2309 കോടി രൂപ കിഫ്ബി അനുവദിച്ചു. പ്‌ളാൻ ഫണ്ടിൽ നിന്ന് 1072 വിദ്യാലയങ്ങൾക്ക് 1375കോടി നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് പുറമെ നബാർഡ്, സമഗ്രശിക്ഷാ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയും ഉപയോഗിച്ചു. സ്‌കൂളുകളുടെ ആധുനികവത്ക്കരണത്തിന് കിഫ്ബി 793 കോടി രൂപയാണ് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഗവൺമെൻ്റ് ഹയർ സെക്കന്‍ഡറി സ്കൂൾ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എല്‍.എ ഓണ്‍ലൈനില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ടോമിച്ചന്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്‍റ് പൊന്നമ്മ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം നെബു ജോണ്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വൈക്കം ജി.ബി.എച്ച്.എസ്.എസില്‍ സി.കെ. ആശ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു മുനിപ്പല്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. പൊൻകുന്നം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എയും മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്‍‍ഡറി സ്കൂളില്‍ പി.സി. ജോര്‍ജ് എം.എല്‍.എയും ശിലാഫലകം അനാച്ഛാദനം ചെയ്തു.