കൊല്ലം: ഇലക്ട്രിക് വാഹനത്തിന് വേണ്ടുന്ന ഹൈ ടോര്‍ക്ക് ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഇനി കുണ്ടറ കെല്‍ നിര്‍മ്മിക്കും. ഇതിനുള്ള പുതിയ പ്ലാന്റിന്റെ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 14 കോടി നഷ്ടത്തിലായി പ്രതിസന്ധിയിലായിരുന്ന കെല്‍ നെ കരകയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി മന്ത്രി പറഞ്ഞു.

നവരത്‌ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി നിലവില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുംവിധം പ്രാപ്തമാണ് കെല്‍. അടിക്കടി കൂടുന്ന ഇന്ധന വിലയില്‍ നിന്നും രക്ഷനേടാന്‍ ആശ്രയം ഇലക്ട്രിക് വാഹനങ്ങളാണ്. അതിനാല്‍ കെല്‍ പദ്ധതി വിജയകരമാവുമെന്നും മന്ത്രി പറഞ്ഞു. കെല്‍ ചെയര്‍മാന്‍ അഡ്വ വര്‍ക്കല ബി രവികുമാര്‍ അധ്യക്ഷത വഹിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, കെല്‍ എം ഡി കേണല്‍ ഷാജി എം വര്‍ഗീസ്, ജനറല്‍ മാനേജര്‍ എസ് ഹരികുമാര്‍ തൊഴിലാളി നേതാവ് അഡ്വ ഷാനവാസ് ഖാന്‍ എന്നിവര്‍ സംബന്ധിച്ചു. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകരിച്ച 10 കോടി രൂപയില്‍ ആദ്യ ഗഡുവായ മൂന്നു കോടി ഉപയോഗിച്ചാണ് പ്രാരംഭ നടപടികള്‍ ആരംഭിക്കുക.