തൃശ്ശൂർ :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ മികവിന്റെ കേന്ദ്രങ്ങളായത് ആറ് വിദ്യാലയങ്ങൾ. അഞ്ച് കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പുത്തൂർ ജി വി എച്ച് എസ് എസ്, കിഫ്ബിയുടെ മൂന്ന് കോടി പദ്ധതിയിൽ ഉൾപ്പെട്ട കൊടുങ്ങല്ലൂർ ജി എച്ച് എസ് എസ്, പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചെട്ടിപ്പറമ്പ് ജി എൽ പി എസ്, പീച്ചി ജി എൽ പി എസ്, കിരാലൂർ ജി പി എൽ എം പി എസ്, കുന്നംകുളം ജി എം ജി എച്ച് എസ് എന്നീ സ്‌കൂൾ കെട്ടിടങ്ങളാണ് നിർമ്മാണം പൂർത്തീകരിച്ച് മികവിന്റെ കേന്ദ്രങ്ങളായി മാറിയത്.

ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ഇതോടൊപ്പം അഞ്ച് ഹയർസെക്കന്ററി സ്‌കൂൾ ലാബിന്റെയും ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന ഒമ്പത് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

മികവിന്റെ കേന്ദ്രം പദ്ധതിയുടെ അഞ്ചാമത്തെ ഘട്ടമാണ് ജില്ലയിൽ പൂർത്തീകരിച്ചിരിക്കുന്നത്. മറ്റു നാല് ഘട്ടങ്ങളുടെയും ഉദ്ഘാടനം വിവിധ ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർവ്വഹിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി, എംഎൽഎ ഫണ്ട്, പ്ലാൻ, മറ്റ് ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ജില്ലയിൽ പദ്ധതികളുടെ പൂർത്തീകരണവും നിർമ്മാണ പ്രവൃത്തികളും നടക്കുന്നത്.

ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ച് മേലഡൂർ ജി എസ് എച്ച് എസ്, വേളൂർ ജി ആർ എസ് ആർ വി എച്ച് എസ് എസ്, കുന്നംകുളം മോഡൽ എച്ച്എസ് ഫോർ ഗേൾസ് എന്നിവയും പ്ലാൻ ഫണ്ടിൽ ഉൾപ്പെട്ട കൊരട്ടിക്കര ജി എൽ പി എസ്, ചാവക്കാട് ജിഎച്ച്എസ്എസ്, അളഗപ്പനഗർ ജിഎച്ച്എസ്എസ്, നന്ദിപുലം ജിയുപിഎസ്, ഒളരിക്കര ജി എൽ പി എസ്, കയ്പമംഗലം ജി എഫ് എച്ച് എസ് എസ്(വിഎച്ച്എസ്ഇ) എന്നീ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണമാണ് ആരംഭിച്ചത്.

കൊടകര ജി എച്ച് എസ് എസ്, കൊടുങ്ങല്ലൂർ ജി ജി എച്ച് എസ്, പുത്തൻചിറ ജിഎച്ച്എസ് എസ്, പഴഞ്ഞി ജിവിഎച്ച്എസ്എസ്, അയ്യന്തോൾ ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളാണ് ലാബ്‌ നവീകരണം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ഇതുവരെയായി കിഫ്ബിയുടെ അഞ്ച് കോടി ധനസഹായം പ്രയോജനപ്പെടുത്തി 88 വിദ്യാലയങ്ങളും മൂന്നു കോടി ധനസഹായം പ്രയോജനപ്പെടുത്തി 65 വിദ്യാലയങ്ങളും ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കൂടാതെ പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളുടെയും സഹായത്തോടെ നിർമ്മിച്ച നിരവധി സ്കൂൾ കെട്ടിടങ്ങളുടെയും ഉദ്ഘാടനം നടന്നു കഴിഞ്ഞു.

ജില്ലയിലേതുൾപ്പെടെ സംസ്ഥാന തലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 89 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 41 ഹയർസെക്കന്ററി വിഭാഗം ലാബുകളുടെ ഉദ്ഘാടനവും 68 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്‌തവയിൽ കിഫ്ബിയുടെ അഞ്ചുകോടി ധനസഹായത്തോടെ 23 സ്കൂൾ കെട്ടിടങ്ങളും മൂന്നുകോടി കിഫ്ബി സഹായത്തോടെ പുതുതായി നിർമിച്ച 14 സ്കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 52 സ്കൂൾ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടും. ശിലാസ്ഥാപനം നടക്കുന്നവയിൽ 26 സ്കൂൾ കെട്ടിടങ്ങൾ കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്നവയാണ്.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ വിവിധ സ്‌കൂളുകളിൽ നടന്ന ചടങ്ങുകളിൽ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, എംഎൽഎമാരായ ബി ഡി ദേവസ്സി, ഇ ടി ടൈസൺ മാസ്റ്റർ, പ്രൊഫ കെ യു അരുണൻ, അഡ്വ വി ആർ സുനിൽകുമാർ, കെ വി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു നന്ദിയും ആശംസിച്ചു.