പാലക്കാട്: മാർച്ച് ഒന്നു മുതൽ 5 വരെ പാലക്കാട് നടക്കുന്ന 25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ അജയൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്നു. മീഡിയ പാസ് വിതരണം, ഗതാഗതം, ഭക്ഷണം, താമസം സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. മേളയിൽ ഒരു ദിവസം 20 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ആന്റിജൻ പരിശോധനയ്ക്കുള്ള സൗകര്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദർശനം നടക്കുന്ന തീയേറ്ററുകൾക്ക് സമീപം ക്രമീകരിച്ചിട്ടുണ്ട്. ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്കാണ് സിനിമ പ്രദർശനം കാണാൻ അനുമതി ഉണ്ടാവുക. ടെസ്റ്റ് സൗജന്യമായിരിക്കും.
ജില്ലയിൽ പ്രിയദർശിനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുർഗ എന്നീ അഞ്ച് തീയറ്ററുകളിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രദർശനം നടക്കുക. ഒരു കേന്ദ്രത്തിൽ 1500 ഡെലിഗേറ്റ്സിനാണ് അനുവാദം. ഒരു പാസ് കൊണ്ട് അഞ്ചു തിയേറ്ററുകളിൽ എല്ലാ ദിവസവും എല്ലാ പ്രദർശനവും കാണാൻ സാധിക്കും. ജില്ലാ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംഘാടക സമിതി യോഗത്തിൽ മുൻ എം പി കെ.ഇ ഇസ്മയിൽ, കലാമണ്ഡലം ശിവൻ നമ്പൂതിരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ, റിട്ട. ഡിവൈഎസ്പി കെ. വിജയൻ എന്നിവർ പങ്കെടുത്തു.