എറണാകുളം: മൂലംകുഴി നഗര കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (National Quality Assurance Standards – NQAS) അംഗീകാരം മൂലംകുഴി നഗര കുടുംബാരോഗ്യകേന്ദ്രത്തിനാണ് ലഭിച്ചത്.
രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങളെയാണ് ഈ അംഗീകാരത്തിന് പരിഗണിക്കുന്നത്.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയതലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്‌സിന് തെരഞ്ഞെടുക്കുന്നത്. ജനുവരിയിലാണ് കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്. ഈ പരിശോധനയില്‍ മൂലംകുഴി നഗര കുടുംബാരോഗ്യകേന്ദ്രത്തിന് 85.5 ശതമാനം മാര്‍ക്ക് ലഭിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന മൂലംകുഴിയെ നവമ്പറിലാണ് നഗര കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. 6 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവിടെ നവീകരണപ്രവർത്തനങ്ങൾ നടത്തി കൂടുതൽ സൗകര്യം ഒരുക്കിയത്. ലാബ്, ഫാർമസി, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ രോഗീസൗഹൃദമാക്കുകയും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. പാലിയേറ്റീവ് കെയർ, ദന്തൽ ഒ പി എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം പീഡിയാട്രിഷ്യന്റെ സേവനവും ലഭ്യമാവും.
ജില്ലയിൽ 15 നഗരാരോഗ്യകേന്ദ്രങ്ങളാണുള്ളത്. കൊച്ചി കോർപ്പറേഷനിൽ 12 ആരോഗ്യകേന്ദ്രങ്ങളും കളമശേരി നഗരസഭ, തൃക്കാക്കര നഗരസഭ, തൃപ്പൂണിത്തുറ നഗരസഭ എന്നിവിടങ്ങളിൽ ഓരോന്നുവീതവുമാണ് ആരോഗ്യസ്ഥാപനങ്ങളുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ദേശീയ നഗരാരോഗ്യദൗത്യത്തിന്റെ കീഴിലാണ് ഈ ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.തൃക്കാക്കര നഗരകുടുംബാരോഗ്യകേന്ദ്രത്തിനും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്.