കോട്ടയം: സംസ്ഥാനത്തെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 89 സ്‌കൂള്‍ കെട്ടിടങ്ങള്‍, 41 നവീകരിച്ച ഹയര്‍ സെക്കണ്ടറി ലാബുകള്‍ എന്നിവയുടെ ഉദ്ഘാടനവും 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോകോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തൊട്ടാകെ 370 സ്‌കൂളുകള്‍ക്ക് ഇതിനോടകം തന്നെ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. 241 എണ്ണത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഗുണഫലം സംസ്ഥാനത്തൊട്ടാകെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ – സെക്കണ്ടറി തലമെന്നതിലുപരി ഉന്നത വിദ്യാഭ്യാസ മേഖലയിലും സമൂല മാറ്റമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി കലാലയങ്ങളും യൂണിവേഴ്‌സിറ്റികളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി പുതിയ കോഴ്‌സുകള്‍ സംസ്ഥാനത്തെ കലാലയങ്ങളില്‍ ആരംഭിക്കും. ഇതിലൂടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി പുറമേക്ക് പോകേണ്ടതില്ല എന്നതിലുപരി മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികളെയും ഇന്ത്യക്ക് വെളിയില്‍ നിന്ന് പോലുമുള്ളവരെയും കേരളത്തിലേക്ക് പഠനത്തിന് എത്തിക്കാനും കഴിയും. ഇതിനായി കേരളത്തിലെ അടിസ്ഥാന – ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തും.
കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനോടകം കിഫ്ബി വഴി 5000 കോടി രൂപായോളം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ചിലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.
കോളപ്ര ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍; മികവിന്റെ കേന്ദ്രം
കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോളപ്ര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ 2018 – 19 പ്ലാന്‍ ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു കോടി രൂപ മുടക്കി മികവിന്റെ കേന്ദ്രം നിര്‍മ്മിച്ചത്.
പീരുമേട് ചിദംബരം പിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പീരുമേട് ചിദംബരം പിള്ള മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി 11.52 കോടി രൂപ ചെലവഴിച്ച് പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ മന്ദിരം നിര്‍മ്മിക്കുന്നത്.
മുഖ്യമന്ത്രി വീഡിിയോ കോൺഫ്രൻസിലൂടെ നടത്തിയ ശിലാസ്ഥാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ നിര്‍വ്വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ മധു, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മച്ചിപ്ലാവ് സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും പുതിയ കെട്ടിട നിര്‍മ്മാണത്തിന് തുടക്കമിട്ടിട്ടുള്ളത്.സംസ്ഥാന സര്‍ക്കാര്‍ 2016- 2017 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 1.24 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം നടത്തുക. സ്‌കൂളില്‍ നടന്ന പ്രാദേശിക ചടങ്ങ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടിമാലി എ ഇ ഒ അംബികാ പി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി വിദ്യാധര എന്‍ കെ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്,പി ടി എ പ്രസിഡന്റ് രാജേഷ് പൊയ്ക, സി ഡി ഷാജി, പഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുങ്കണ്ടം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സകൂളിലെ പുതിയ ലാബുകള്‍ ഉള്‍പ്പടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
ആധുനിക സൗകര്യങ്ങളോടെ നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ മൂന്ന് സയന്‍സ് ലാബുകളാണ് ആരംഭിച്ചിരിക്കുന്നത്. ഹയര്‍സെക്കന്ററി ഡയറക്ടറേറ്റാണ് സ്‌കൂളിനായി പുതിയ ലാബുകള്‍ അനുവദിച്ചത്. ഫിസിക്സ്, കെമസ്ട്രി, ബയോളജി വിഭാഗങ്ങള്‍ക്കായി പ്രത്യേക ലാബ് സൗകര്യം സ്‌കൂളില്‍ ഒരുക്കി. ഓണ്‍ലൈനായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടത്ത് ചേര്‍ന്ന പ്രാദേശിക യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെജി ആശാരികണ്ടം അദ്ധ്യക്ത വഹിച്ചു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവന്‍, അജീഷ് മുതുകുന്നേല്‍, ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പാള്‍ ശ്രീജ പി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ആനി സിറിയക്, ഹെഡ്മാസ്റ്റര്‍ രമാദേവി, ഡോ. കെ.കെ ഷാജി, എം.എന്‍ ഗോപി, സി.എം വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.