പഞ്ചായത്തുകൾ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ രണ്ടു വർഷം ജില്ലയിൽ നടന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് യോഗത്തിൽ പ്രകാശനം ചെയ്തു. ആരോഗ്യരംഗത്തുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. ആരോഗ്യവകുപ്പിന്റെ ക്രിയാത്മകമായ ഇടപെടലുകൾ ജില്ലയിലെ ഡെങ്കിപ്പനി നിരക്ക് കുറച്ചു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യരംഗത്ത് കേരളം ബഹുദൂരം മുന്നിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പോരായ്മകൾ പരിഹരിക്കുമെന്ന് യോഗത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു. വിവിധവകുപ്പുകൾക്ക് അനുവദിച്ചിട്ടുള്ള തുക കാര്യക്ഷമമായി വിനിയോഗിക്കണം. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ദേശീയ ആരോഗ്യ മിഷന്റെ ഫണ്ട് വിതരണം ചെയ്തിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് സൂപ്രണ്ടുമാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യസേനയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഡോ. എം.കെ ഷാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി ജയപാലൻ, ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി, അഡ്വ. ഇന്ദിര പ്രേമാനന്ദ്, ഡോ. കെ.വി ലതീഷ് എന്നിവർ സംസാരിച്ചു.