രോഗീ പരിചരണത്തിലും മറ്റ് ആരോഗ്യ പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സംസ്ഥാനത്തെ നഴ്‌സുമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാനതല നഴ്‌സിംഗ് ദിനാചരണം കണ്ണൂർ മുൻസിപ്പൽ ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ നിലവാരത്തിൽ തകർച്ച നേരിടുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. നഴ്‌സിംഗ് കോളേജുകളുടെ ആധിക്യം മേഖലയുടെ നിലവാരത്തകർച്ചയ്ക്ക് കാരണമായി. ഫ്‌ളോറൻസ് നൈറ്റിംഗേൽ 19-ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌കർത്താവാണെും അവരുടെ മാതൃക മലയാളികളും പിന്തുടരണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. എച്ച്.ഐ.വി രോഗികളോടുളള നഴ്‌സുമാരുടെ മനോഭാവം മാറണം. നഴ്‌സിംഗ് മേഖലയുടെ ഉന്നത നിലവാരം ഉറപ്പ് വരുത്തുന്നതിനായി സർക്കാർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. നഴ്‌സുമാർക്കുളള പ്രത്യേക പരിശീലനം നടന്നു വരുന്നു. സംസ്ഥാനത്തെ ട്രോമകെയർ സംവിധാനം വിപുലപ്പെടുത്താനുളള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നഴ്‌സുമാരുടെ 2 ഷിഫ്റ്റ് സമ്പ്രദായം 3 ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റും. ആർദ്രം മിഷൻ പദ്ധതിയുടെ വിജയത്തിന് നഴ്‌സുമാർ സർക്കാറിന്റെ കൂടെ നിൽക്കണമെന്നും മന്ത്രി പറഞ്ഞു.
മികച്ച നഴ്‌സുമാർക്കുളള സംസ്ഥാന ജില്ലാ തല അവാർഡുകൾ ചടങ്ങിൽ ആരോഗ്യ മന്ത്രി വിതരണം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കളക്ടർ മീർ മുഹമ്മദ് അലി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ സരിത, ജില്ല മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായക്, കൗൺസിലർ അഡ്വ. ലിഷ ദീപക്, എൻ.എച്ച്.എം ഡി.പി.എം ഡോ. ലതീഷ് കെ.വി തുടങ്ങിയവർ സംസാരിച്ചു.