അജൈവ മാലിന്യ ശേഖരണം ഊർജ്ജിതപ്പെടുത്താൻ ജില്ലയിൽ കർമ്മ പരിപാടി ആരംഭിക്കുന്നു.  ഹരിതകേരളം  മിഷന്റെയും ശുചിത്വമിഷന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തിലാണ് അജൈവ മാലിന്യശേഖരണം സംഘടിപ്പിക്കുന്നത്.  രാഷ്ട്രീയ പാർട്ടികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ എന്നിവയുടെ സഹകരണത്തോടെയാണിത്.

മെയ് 20 വരെ നീളുന്ന അജൈവ മാലിന്യ ശേഖരണത്തിൽ കേരള സ്‌ക്രാപ് മർച്ചന്റ് അസോസിയേഷനും സഹകരിക്കുന്നുണ്ട്. ജില്ലയിലെ അജൈവ മാലിന്യ ശേഖരണത്തിന് കണ്ണൂരിൽ ചേർ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം മാനദണ്ഡങ്ങൾ തയ്യാറാക്കി.

അഞ്ച് തരത്തിലാണ് അജൈവ വസ്തുക്കൾ ശേഖരിക്കുക.  ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ച് അഞ്ച് ചാക്കുകളിലേക്ക് മാറ്റി നമ്പറിട്ട് തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സൂക്ഷിക്കും. മെയ് 30-നകം ഇവ സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന് നേരിട്ട് ശേഖരിക്കും. ശേഖരിക്കുന്നവ തരംതിരിച്ച് ബാഗുകളിലേക്ക് മാറ്റി നൽകിയാലേ സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ സ്വീകരിക്കൂ എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ബാഗ് ഒന്നിൽ റീസൈക്ലിംഗിനാവശ്യമായ പ്ലാസ്റ്റിക്കുകളാണ് ശേഖരിക്കേണ്ടത്.  പാൽ കവർ, മറ്റ് പ്ലാസ്റ്റിക്ക് കവറുകൾ, ക്യാരി ബാഗുകൾ, പേന, റീഫിൽ, പൊട്ടിയ ബക്കറ്റ് എന്നിവ. ഇവ മണ്ണോ ചെളിയോ ഇല്ലാത്തതും ഉണങ്ങിയതും ആയിരിക്കണം.

രണ്ടാമത്തെ ബാഗിൽ മിഠായിപൊതി, മുളക്, മല്ലി, മസാല തുടങ്ങിയവയുടെ കവറുകൾ, ബിസ്‌ക്കറ്റ് കവറുകൾ തുടങ്ങി അലൂമിനിയം ആവരണമുള്ള പ്ലാസ്റ്റിക്കുകൾ എന്നിവയാണ് ശേഖരിക്കേണ്ടത്. മൂന്നാമത്തെ ബാഗിൽ ഇലക്‌ട്രോണിക്ക് മാലിന്യങ്ങളും നാലാമത്തെ ബാഗിൽ ചെരുപ്പ്, തുകൽ, റബ്ബർ ഉൽപ്പങ്ങൾ തുടങ്ങിയവയുമാണ് ശേഖരിക്കേണ്ടത്.  അഞ്ചാമത്തെ ബാഗിൽ പൊട്ടിയ കുപ്പിച്ചില്ലുകൾ, ചില്ല് കുപ്പി എന്നിവയും ശേഖരിക്കണം.

സ്‌പോഞ്ച്, തെർമോക്കോൾ, റക്‌സിൻ, ലതർബാഗുകൾ, നാപ്കിൻ, ഫ്‌ളക്‌സ് ബോർഡ്, കാർപറ്റ്, വസ്ത്രങ്ങൾ, ട്യൂബ് ലൈറ്റ്, ഫൈബർ ഉൽപ്പങ്ങൾ, ക്രോക്കറി ഉൽപ്പങ്ങൾ എന്നിവ ഒരു തരത്തിലും ശേഖരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഓരോ ബാഗിനും നമ്പറിട്ട് കെട്ടിവേണം സൂക്ഷിക്കാൻ.  ഇത്തരത്തിൽ ക്രമപ്പെടുത്തി വൃത്തിയായി സൂക്ഷിക്കാത്തവ സ്വീകരിക്കില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് അറിയിച്ചു.

ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളും ഹരിത കേരളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.  ഹരിത കേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർ സുരേഷ് കസ്തൂരി, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.