പാലക്കാട്തേ: ക്കടി – ചമ്മണാംപതി വനപാത നിര്മാണത്തിന് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തിയാണ് വനപാത നിര്മിക്കുന്നത്. കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട പഞ്ചായത്തിലെ തേക്കടി അല്ലിമൂപ്പന് കോളനിയില് നടന്ന പരിപാടിയില് കെ. ബാബു എം എല്.എ. റോഡ് നിര്മാണോദ്ഘാടനം നിര്വഹിച്ചു.
ഏറെക്കാലത്തെ ജനങ്ങളുടെ ആവശ്യത്തിനാണ് വനപാത നിര്മിക്കുന്നതിലൂടെ പരിഹാരവുക. മുപ്പതേക്കര്, അല്ലിമൂപ്പന്, ഒരവന്പടി പെരിയച്ചോല ,കച്ചിത്തോട് ഊരുകളിലേക്ക് വാഹന ഗതാഗതത്തിന് തമിഴ്നാട് വഴി 70 കിലോമീറ്റര് യാത്ര ചെയ്യണം. റോഡ് നിര്മാണം പൂര്ത്തിയാവുന്നതോടെ മുതലമട പഞ്ചായത്തില് നിന്നും 20 കിലോമീറ്റര് യാത്ര ചെയ്താല് തേക്കടി കോളനിയില് എത്തിചേരാന് കഴിയും.
നിത്യോപയോഗ സാധനങ്ങള് വാങ്ങാനും മറ്റ് ആവശ്യങ്ങള്ക്കുമായി കാല്നടയായി വനത്തിലൂടെ യാത്ര ചെയ്തതാണ് ഊരുനിവാസികള് മുതലമടയില് എത്തിയിരുന്നത്. അസുഖബാധിതരെ പൊള്ളാച്ചിയിലോ പാലക്കാടോ ആശുപത്രിയില് എത്തിക്കാന് ജീപ്പ് മാത്രമാണ് ആശ്രയം. വനപാത യാഥാര്ത്ഥ്യമാവുന്നതോടെ ഏറെ നാളത്തെ യാത്രക്ലേശത്തിന് പരിഹാരമാവും. മുതലമട പഞ്ചായത്ത് അഡീഷണല് ആക്ഷന് പദ്ധതിയില് ഉള്പ്പെടുത്തി തൊഴിലുറപ്പു പദ്ധതിയില് 21 .40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് സാങ്കേതികാനുമതി ലഭിച്ചിരിക്കുന്നത്.
മൂന്ന് മീറ്റര് വീതിയില് 3 .325 കിലോമീറ്റര് ദൂരത്തിലാണ് വനപാത നിര്മ്മിക്കുന്നത്. തേക്കടി ആദിവാസി കോളനിയിലെ തൊഴിലുറപ്പ് പദ്ധതിയില് രജിസ്റ്റര് ചെയ്തവര്ക്ക് 8951 തൊഴില് ദിനം നല്കിയാണ് വനപാത നിര്മിക്കുക. മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധ പരിപാടിയില് അധ്യക്ഷയായി. കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മുംതാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന് നിസ്സാര്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സി. കൃഷ്ണന്, ജില്ലാ ട്രൈബല് ഓഫീസര് മല്ലിക, വനം റെയ്ഞ്ച് ഓഫീസര് ഷെറീഫ്, പഞ്ചായത്ത് അംഗം ശെല്വി, ഊരുമൂപ്പന് രാമന്ക്കുട്ടി, രാഷ്ട്രീയപാര്ട്ടി പ്രതിനിധികള് എന്നിവര് പങ്കെടുത്തു.