കോഴിക്കോട്:  സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഞ്ഞൂറോളം പേരാണ് ആരോഗ്യ പരിശോധനക്കായി ക്യാമ്പിലെത്തിയത്. പരിശോധനക്ക് പുറമേ സൗജന്യ മരുന്ന് വിതരണവും ഹെല്‍ത്ത് കാര്‍ഡ് വിതരണവും ക്യാമ്പിന്റെ ഭാഗമായി നടത്തി. നിരവധി പേര്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പിലും പങ്കെടുത്തു.

ചികിത്സ തേടിയെത്തിയ രോഗികള്‍ക്ക് അവര്‍ താമസിക്കുന്ന പഞ്ചായത്തുകളിലെ ഡിസ്‌പെന്‍സറികളിലോ കോഴിക്കോട് ഭട്ട് റോഡിലെ ആശുപത്രിയിലോ തുടര്‍ചികിത്സ ചെയ്യാനും
സൗകര്യമുണ്ടായിരിക്കും.

മര്‍മം, നേത്ര- ഇഎന്‍ടി, സ്ത്രീരോഗം, മാനസികരോഗം, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗം, ജീവിതശൈലീ രോഗങ്ങള്‍, ജനറല്‍ ഒപി, കരള്‍ രോഗം, കുട്ടികളിലെ പഠനവൈകല്യം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാംപില്‍ ലഭ്യമായിരുന്നു.