കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഓഖി ദുരന്തത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് എഫ് ആര്‍ പി ബോട്ടുകളും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ തൊഴിലാളികള്‍ക്കും വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ട്.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കുന്ന തരത്തില്‍ ഫിഷറീസ് വകുപ്പിനെ ആധുനിക വല്‍ക്കരിച്ചിരിക്കുകയാണ്.
ഓഖി ദുരന്തത്തിന് ശേഷം മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ഓഖി പാക്കേജ്. ഇതിന്റെ ഭാഗമായി ഓഖി ദുരന്തത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ പുനസ്ഥാപനത്തിനായി യാനവും അനുബന്ധ ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ആണ് നല്‍കിയത്.

ജില്ലയിലെ ആഴക്കടല്‍ മത്സ്യബന്ധനം നടത്തി വരുന്ന തിരഞ്ഞെടുക്കപ്പെട്ട പാരമ്പര്യ മത്സ്യത്തൊഴിലാളികളായ 15 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
നാല് അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന യാനങ്ങളും, അനുബന്ധ ഉപകരണങ്ങളും, സുരക്ഷാ ഉപകരണങ്ങളും ഉള്‍പ്പെടെ എട്ടു ലക്ഷം രൂപയുടെ സാമഗ്രികളാണ് പൂര്‍ണ്ണമായും സര്‍ക്കാര്‍ സബ്‌സിഡിയില്‍ നല്‍കിയത്.

‘സിഫ്‌സ്’ യാര്‍ഡിലാണ് വകുപ്പു തലത്തില്‍ ഗുണനിലവാര പരിശോധന നടത്തിയ യാനങ്ങള്‍ നിര്‍മ്മിച്ചത്. മത്സ്യബന്ധന ഉപകരണങ്ങളും എന്‍ജിനും മത്സ്യഫെഡ് മുഖേനയാണ് ലഭ്യമാക്കിയത്. ആകെ ഒരു കോടി 20 ലക്ഷം രൂപയാണ് പദ്ധതി തുക.ഇതോടൊപ്പം മത്സ്യഫെഡ് ഫിഷ്‌റ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട്, അന്തിപച്ചയുടെ പുതിയ വാഹനം മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. നീണ്ടകര ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി.