കൊല്ലം: നീണ്ടകരയിലെ ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തോട് ചേര്‍ന്ന് സ്ഥാപിക്കുന്ന ഇന്‍ഡോര്‍ ഷ്രിംപ് ഹാച്ചറിയുടെ നിര്‍മാണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
ചെമ്മീന്‍ വിത്ത് ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീണ്ടകരയില്‍ നിലവിലുള്ള ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിന് അടുത്തായി ഷ്രിംപ് ഹാച്ചറി സ്ഥാപിക്കുന്നത്. അഞ്ച് ടണ്‍ കപ്പാസിറ്റിയുള്ള 18 ടാങ്കുകളും ഇന്‍ഡോര്‍ ഹാച്ചറിക്കാവശ്യമായ ആധുനിക സജ്ജീകരണങ്ങളുമാണ് പദ്ധതിയിലൂടെ നീണ്ടകരയില്‍ ഒരുങ്ങുന്നത്.

ഹാച്ചറിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു കോടി ചെമ്മീന്‍ വിത്തുല്പാദനത്തിലൂടെ ജില്ലയിലെയും സമീപ ജില്ലകളിലെയും ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ മുഴുവന്‍ വിത്തുകളും ജില്ലയില്‍ നിന്നു തന്നെ ഉത്പാദിപ്പിക്കാനാകും എന്നതാണ് സവിശേഷത. 1991 ല്‍ സ്ഥാപിച്ച നീണ്ടകര ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തില്‍ 50,00,000 ചെമ്മീന്‍ വിത്തുല്പാദന ശേഷിയും ഒന്നര ടണ്‍ കപ്പാസിറ്റിയുള്ള 62 ടാങ്കുകളുമാണ് നിലവിലുള്ളത്.