കൊല്ലം: പ്രകൃതിക്കിണങ്ങും വിധമുള്ള ജനങ്ങളുടെ ജീവിതക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വികസന കാഴ്ചപ്പാടുകളാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പള്ളിത്തോട്ടം ഡിവിഷനിലെ ക്യു എസ് എസ് കോളനിയിലെ ലൈഫ് പി എം എ വൈ പദ്ധതി വഴി നിര്‍മിക്കുന്ന 65 വ്യക്തിഗത ഭവനങ്ങളുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശാസ്ത്രീയ മലിനജല സംസ്‌കരണ രീതിയും അനുബന്ധ സംവിധാനങ്ങളുമൊരുക്കി മാര്‍ച്ച് 31 ഓടെ 114 വീടുകള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറും. എല്ലാ ട്രേഡ് യുണിയനുകളുമായും കൂടിയാലോചന നടത്തിയിട്ടാണ് ഫിഷറീസ് നയം രൂപപ്പെടുത്തിയത്. പെര്‍മിറ്റ്, രജിസ്‌ട്രേഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ ക്യാബിനറ്റ് അംഗീകരിച്ചു നിയമസഭയില്‍ സമര്‍പ്പിച്ച നയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുകയില്ല.
മത്സ്യതൊഴിലാളികളടക്കമുള്ള പരമ്പരാഗത തൊഴിലാളികളേയും മറ്റ് തൊഴില്‍മേഖലകളേയും സംരക്ഷിക്കുന്ന തരത്തിലുള്ള വികസന നയങ്ങളാണ് സര്‍ക്കാരിന്റേത്. കൊല്ലം പോര്‍ട്ടിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ലക്ഷദ്വീപുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കും, മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷന്‍ പരിധിയില്‍ ഭൂരഹിതരോ ഭവനരഹിരോ ആയി ആരും ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷയായ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
ജനപ്രതിനിധിയെന്ന നിലയ്ക്ക് ഏറെ പരിഗണന നല്‍കിയ വിഷയമായിരുന്നു ക്യു എസ് എസ് കോളനിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പുനര്‍നിര്‍മ്മാണമെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും ചടങ്ങില്‍ പങ്കെടുത്ത എം മുകേഷ് എം എല്‍ എ പറഞ്ഞു.
മത്സ്യത്തൊഴിലാളികളായ 114 പേരും അല്ലാത്തവരുമായ 65 പേരും ഉള്‍പ്പടെ 179 കുടുംബങ്ങള്‍ക്കാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി തീരദേശ കോര്‍പറേഷന്‍ മുഖേനയും അല്ലാത്തവര്‍ക്ക് കൊല്ലം കോര്‍പ്പറേഷന്റെ ലൈഫ്-പി എം എ വൈ പദ്ധതിയിലുള്‍പ്പെടുത്തിയുമാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്.
മൂന്ന് കെട്ടിടങ്ങളിലായാണ് ക്യു എസ് എസ് കോളനിയില്‍ ഫ്‌ളാറ്റ് സമുച്ചയമുയരുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണവും ഇതോടൊപ്പം നടക്കും. 43.72 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് കിടപ്പ് മുറി, അടുക്കള, ഹാള്‍, ശുചിമുറി എന്നിവയാണുള്ളത്.ഫ്ലാറ്റ്സമുച്ചയം യഥാക്രമം 30, 48, 36 എന്നിങ്ങനെ യൂണിറ്റുകള്‍ വരുന്ന മൂന്നു ഘട്ടങ്ങളായാണ് നിര്‍മാണം.
