തൃശ്ശൂർ: കേരളത്തിലെ തനത് നാടൻ കലാരൂപങ്ങൾക്കും പരമ്പരാഗത കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്നതിനായുള്ള ഉത്സവം 2021 പരിപാടിയുടെ രണ്ടാം ദിനം ഗുരുവായൂരിൽ പ്രൗഢ ഗംഭീര സദസ്സ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 പരിപാടിയുടെ തൃശൂരിലെ രണ്ട് വേദികളിൽ ഒന്നാണ് ഗുരുവായൂർ. കോവിഡ് വിതച്ച ഭീതികളിൽ തളർന്ന് പോയ കലാകാരന്മാരെ കൈ പിടിച്ചുയർത്താൻ കൂടിയാണ് ഉത്സവം 2021ന്റെ ശ്രമം.

ഫെബ്രുവരി 20 മുതൽ 26 വരെ നീണ്ട് നിൽക്കുന്ന ഉത്സവം 2021ൽ ദിവസവും വൈകീട്ട് 6 മുതൽ 9 വരെ കേരളീയ കലാരൂപങ്ങൾ അരങ്ങേറും. ഞായറാഴ്ച കണ്ണൂർ ജില്ലയിലെ വാഗ്ഭടാനന്ദ വനിതാ കോൽക്കളി സംഘത്തിന്റെ കോൽക്കളിയും പാലക്കാട് വായ്മൊഴി നാടൻ കലാസംഘത്തിന്റെ ചെറുനീലിക്കളിയുമാണ് അരങ്ങേറിയത്. കോൽക്കളിയുടെ നാണു ആശാൻ, ചെറുനീലിക്കളിയുടെ സുബ്രഹ്മണ്യൻ ആശാൻ എന്നിവരെ നഗരസഭ മുൻ ചെയർപേഴ്‌സൺ എം രതി പൊന്നാടയണിയിച്ച് ആദരിച്ചു.