പത്തനംതിട്ട: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഉത്സവം -കേരളീയ കലകളുടെ മഹോത്സവം പരിപാടിക്ക് കടമ്മനിട്ട പടയണി ഗ്രാമത്തില്‍ തുടക്കമായി. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പടയണി ഗ്രാമം ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ഷൈലാ വിജയന്‍ കാക്കരിശി നാടകവും കോട്ടയം വി സ്റ്റാര്‍സ് മാര്‍ഗം കളി ടീം മാര്‍ഗംകളിയും അവതരിപ്പിച്ചു.
ഇന്ന്(22-2-2021) കോഴിക്കോട് നാരായണ പെരുവണ്ണാര്‍ സംഘം തെയ്യവും പത്തനംതിട്ട ഫോക് ലൈഫ് അക്കാഡമി മുള സംഗീതവും അവതരിപ്പിക്കും. ഫെബ്രുവരി 26 വരെ എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ സാംസ്‌കാരിക പൈതൃകത്തിന്റെ അടിസ്ഥാനവും വികാസവും അടയാളപ്പെടുത്തുന്ന നിരവധി തനതു കലാ രൂപങ്ങള്‍ കടമ്മിട്ട പടയണി ഗ്രാമത്തില്‍ അരങ്ങേറും. ഒരു ദിവസം രണ്ടു കലാരൂപങ്ങള്‍ വീതം അവതരിപ്പിക്കും.
അടൂര്‍ പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തിലെ പരിപാടി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആലപ്പുഴ തായ്മൊഴി നാടന്‍ കലാ, സാംസ്‌കാരിക കേന്ദ്രം അമ്പത്തീരടി പാട്ടും പടവെട്ടും തിരുവനന്തപുരം ക്ഷേത്ര വാദ്യ കലാമണ്ഡലം കളമെഴുത്തും പാട്ടും അവതരിപ്പിച്ചു.ഇന്ന്(22-2-2021) തിരുവനന്തപുരം ദേവി തോറ്റംപാട്ട് സമിതി തോറ്റംപാട്ടും കോഴിക്കോട് ചെന്താര രാജസൂയം കോല്‍ക്കളിയും അവതരിപ്പിക്കും. ഫെബ്രുവരി 26 വരെ എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ സാംസ്‌കാരിക പൈതൃകത്തിന്റെ അടിസ്ഥാനവും വികാസവും അടയാളപ്പെടുത്തുന്ന നിരവധി തനതു കലാ രൂപങ്ങള്‍ അടൂര്‍ പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അരങ്ങേറും. ഒരു ദിവസം രണ്ടു കലാരൂപങ്ങള്‍ വീതം അവതരിപ്പിക്കും.