ആലപ്പുഴ: പ്രാദേശികതല വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വളരെ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ അഞ്ചുവര്‍ഷമാണ് കടന്നു പോയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം, അരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിര്‍മിച്ച പൊതു കളിസ്ഥലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ പത്ത് ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിര്‍മ്മിച്ചിട്ടുള്ള പൊതു കളിസ്ഥലങ്ങള്‍ടെ ഉദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിര്‍വഹിച്ചു.

വികസനകാര്യത്തില്‍ റോഡും കെട്ടിടങ്ങളും മാത്രമല്ല പൊതുജന ആരോഗ്യവും പ്രധാനമായി കണ്ട സര്‍ക്കാരാണിത്. ആരോഗ്യമുള്ള ജനതയ്ക്കായി അനിവാര്യമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊതു കളിസ്ഥലം എന്ന ആശയത്തിന് മുന്‍ഗണന കൊടുത്ത് പഞ്ചായത്തുകള്‍ തോറും പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ കുറയ്ക്കാനും സമൂഹത്തിന്റെ ആരോഗ്യത്തിനും പൊതു കളിസ്ഥലങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ മുതല്‍മുടക്കില്‍ അരൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡില്‍ നിര്‍മ്മിച്ച പൊതു കളിസ്ഥലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, വാര്‍ഡ് അംഗങ്ങളായ സീനത്ത് ശിഹാബുദ്ദീന്‍, ബി.കെ. ഉദയകുമാര്‍, അമ്പിളി ഷിബു, സന്ധ്യ ശ്രീജന്‍, എ.എ. അലക്‌സ്, ഒ. കെ. മോഹനന്‍, വി.കെ. മനോഹരന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി, അരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണിയപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.