തൃശ്ശൂർ: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നിര്‍ണ്ണായക പ്രാധാന്യമാണ് നല്‍കിയതെന്ന് ചീഫ് വിപ്പ് പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 1.34 കോടി രൂപയുടെ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചാണ് അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനമുള്‍പ്പെടെയുള്ള ആദ്യഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.
രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് വിപ്പ് അഡ്വ കെ. രാജന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കെ എല്‍ ഡി സിക്കാണ് നിര്‍മാണ ചുമതല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ ഇ.ടി ജലജന്‍, കെവി അനിത, സുബൈദ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമ്യ രാജേഷ്, ഐശ്വര്യ ലിന്റോ, വാര്‍ഡ് മെമ്പര്‍മാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.വി ചന്ദ്രന്‍, എം. ബാലകൃഷ്ണന്‍, മാത്യു നൈനാന്‍, സനല്‍ വാണിയമ്പാറ, പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.