പത്തനംതിട്ട: ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം-വീണ്ടെടുക്കാം ജലശൃംഖലകള്‍ – കാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പാടത്ത് പാലത്തിന് സമീപം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. പുഴകളുടെയും മറ്റ് ജല ശൃംഖലകളുടെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തരുതെന്നും അവ മലിനമാക്കരുതെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പുഴ മലിനമാക്കുന്നതിന് രണ്ടു വര്‍ഷം വരെ തടവും പിഴയും നിയമമുണ്ടെങ്കിലും അതു കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു. കൂടാതെ സംസ്ഥാന തലത്തില്‍ തന്നെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുന്നതിന് ഹരിത കേരളം മിഷന്‍ ജില്ലാ ടീമിനെ എം.എല്‍.എ അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. നീര്‍ച്ചാലിന്റെ ശ്യംഖലകള്‍ തെളിച്ച് ജലസാന്നിധ്യം ഉറപ്പുവരുത്തി വരാന്‍ പോകുന്ന ദിനങ്ങള്‍ ജല ദൗര്‍ലഭ്യത്തിന്റെതാണെന്നുളള തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നീര്‍ച്ചാലിന്റെ വീണ്ടെടുപ്പിന് വേണ്ടി ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പറഞ്ഞു.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരുന്നതോടെ നീര്‍ച്ചാലില്‍ അടിഞ്ഞുകൂടിയിട്ടുളള മാലിന്യങ്ങള്‍ നീക്കി ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുത്ത് എല്ലാ നീര്‍ച്ചാലുകളിലും നീരുറവ പുനരുജീവിക്കുവാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജാ കുമാരി സ്വാഗതം ആശംസിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, ഹരിത കേരളം മിഷന്‍ ആര്‍.പി.മാര്‍, തൊഴിലുറപ്പ് എ.ഇ തൊഴിലുറപ്പ് തൊഴിലാളികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.