ജില്ലയില് ഗുണഭോക്തൃ സംഗമവും നടത്തും
ലൈഫ് മിഷന്, മറ്റ് ഭവനപദ്ധതികള് പ്രകാരം നിര്മാണം പൂര്ത്തിയാക്കിയ ഭവനങ്ങള്ക്ക് ഇന്ഷൂറന്സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് സര്ക്കാര് അനുമതി നല്കിയ സാഹചര്യത്തില് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് സെക്രട്ടേറിയറ്റില് സംസ്ഥാന തലത്തില് ആദ്യ ഗുണഭോക്താവിനുള്ള പോളിസി സര്ട്ടിഫിക്കറ്റ് ധനകാര്യമന്ത്രി വിതരണം ചെയ്യും. പരിപാടിയില് തദ്ദേശസ്വയംഭരണ മന്ത്രി അധ്യക്ഷനാവും. അന്നേദിവസം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് ഗുണഭോക്തൃ സംഗമം നടത്തുമെന്ന് ലൈഫ് മിഷന് ജില്ലാ കോഡിനേറ്റര് അറിയിച്ചു.
ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്ഷൂറന്സ് പരിരക്ഷ ലഭിക്കുന്ന വിധത്തില് സംസ്ഥാന ഇന്ഷൂറന്സ് വകുപ്പ് പൊതുമേഖല ഇന്ഷൂറന്സ് കമ്പനിയായ യുണൈറ്റഡ് ഇന്ഷൂറന്സ് കമ്പനിയുമായി ചേര്ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് പ്രകാരം ആദ്യ മൂന്ന് വര്ഷത്തേക്കുള്ള പ്രീമിയം സര്ക്കാര് അടയ്ക്കും. തുടര്ന്നുള്ള വര്ഷങ്ങളില് ഗുണഭോക്താക്കള് നേരിട്ടും പ്രീമിയം അടയ്ക്കും.