കണ്ണൂർ: ചരിത്ര മ്യൂസിയങ്ങള്‍ പുതു തലമുറയ്ക്കുള്ള പാഠങ്ങളാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അറിയപ്പെടാത്ത പ്രാദേശിക ചരിത്രങ്ങളെ ജനങ്ങള്‍ അടുത്തറിയണം. നാടിന്റെ ചരിത്രത്തെയും അതിന്റെ ഭാഗമായ ചരിത്ര നായകരെയും അടുത്തറിയാന്‍ കഥ പറയുന്ന പ്രാദേശിക ചരിത്ര മ്യൂസിയങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ചരിത്ര പൈതൃക മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ പുരാവസ്തു വകുപ്പ് നിര്‍മ്മിക്കുന്ന മ്യൂസിയങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പഞ്ചായത്ത്തലത്തിലെ ആദ്യ ചരിത്ര മ്യൂസിയമാണ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മൂസിയം. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. അദ്ദേഹം ശിലാഫലകം അനാച്ഛാദനം ചെയ്തു. എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, മുന്‍ പ്രസിഡണ്ട് ഇ പി ബാലകൃഷ്ണന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് കെ പി സധു,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.