കോഴിക്കോട്: വനിതാ കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം പിണറായി വിജയന്‍ നിര്‍വഹിച്ചു. മേഖലാ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതോടെ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സ്ത്രീകള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാനുള്ള സൗകര്യമൊരുങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം കേന്ദ്രമായി മധ്യമേഖലാ ഓഫീസ് എത്രയും വേഗം ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷന്‍ രജതജൂബിലി ആഘോഷങ്ങളുടെ ലോഗോയും കേരള വിമെന്‍സ് ഡയറക്ടറി, സ്ത്രീസംരക്ഷണ നിയമങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും എന്നീ പുസ്തകങ്ങളും വിവിധ ബ്രോഷറുകളും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഇന്ത്യയില്‍തന്നെ ആദ്യമായിട്ടാകും വനിതാ കമ്മീഷന്‍ സ്ത്രീകള്‍ക്കായി ഡയറക്ടറി തയ്യാറാക്കിയത്. ജില്ലകള്‍ തോറും നിരന്തരം അദാലത്തുകള്‍ നടത്തി സംസ്ഥാനത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരണങ്ങളിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും വനിതാ കമ്മിഷന്‍ നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന്് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തദ്ദേസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജാഗ്രതാ സമിതികള്‍ വളരെ ശക്തമാക്കണം. വനിതാ കമ്മീഷന്‍ മീഡിയ മോണിറ്ററിംഗ് ശക്തിപ്പെടുത്തി മാധ്യമങ്ങളിലൂടെ വരുന്ന സ്ത്രീവിരുദ്ധത, ശിശുവിരുദ്ധത ഇവയെല്ലാം നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് രജതജൂബിലി സമ്മാനമായാണ് കോഴിക്കോട് കേന്ദ്രമാക്കി വടക്കന്‍ മേഖലാ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എന്നിവര്‍ മുഖ്യാതിഥികളായി. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍, സെക്രട്ടറി ഉഷാറാണി, അംഗങ്ങളായ അഡ്വ. എം.എസ്താര, ഇഎം.രാധ, അഡ്വ. ഷിജി ശിവജി, ഡോ ഷാഹിദ കമാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.