ആലപ്പുഴ: ഗവൺമെൻറ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് (ടി.ടി.ഐ) പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്റെ 2016-17ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച് പണിപൂർത്തിയാക്കിയ ക്ലാസ് മുറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ ചൊവ്വാഴ്ച സ്കൂള്‍ അങ്കണത്തില്‍ നിർവഹിച്ചു. വിദ്യാഭ്യാസമേഖലയിലുള്‍പ്പടെ അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റം കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ശവക്കോട്ടപ്പാലം ആറുമാസത്തിനകവും മുപ്പാലം മൂന്നുമാസത്തിനകവും പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഒരേസമയം 50 അധ്യാപക വിദ്യാർഥികൾക്കും 40 മുതൽ 80 വരെ എൽപി, യുപി കുട്ടികൾക്കും ഇരിക്കുന്നത് ആവശ്യമായ സൗകര്യം കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ആറു മാസത്തെ കാലാവധി കൊണ്ടാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എ അലക്സാണ്ടർ മുഖ്യാതിഥിയായി. മുനിസിപ്പൽ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ വിനീത, കൗൺസിലർ സിമി ഷാഫി ഖാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി ആർ ഷൈല, വിദ്യാഭ്യാസ ഓഫീസർ ഭാരതി ഷേണായി, ഗവൺമെൻറ് ടി ടി ഐ പ്രിൻസിപ്പൽ ഡി പുഷ്പലത, പിടിഎ പ്രസിഡണ്ട് എ സീന മോൾ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം) വി ഐ നസീം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.