ക്ഷീര കര്‍ഷകര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതായി  വനം-ക്ഷീര- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല  ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ വര്‍ഷം പാല്‍ ഉല്പാദനത്തില്‍ ജില്ല 12 ശതമാനം വര്‍ദ്ധനവ് നേടിയിട്ടുണ്ട്.  ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരകര്‍ഷകരുടേയും നേട്ടമാണ്. ക്ഷീരകര്‍ഷകരെ പ്രധാന കണ്ണികളായി കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുനുളള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയശേഷം ഒരു ലിറ്റര്‍ പാലിന് നാല് രൂപയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഗുണമേ•യുളള കിടാരികളെ സംരക്ഷിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് കിടാരി പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള അഞ്ച് പാര്‍ക്കുകളില്‍ ഓരോന്നിലും 100 കിടാരികളെയാണ് സംരക്ഷിക്കുക. സഹകരണ മേഖലയുടെ പ്രവര്‍ത്തനവും ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ലിഡ ജേക്കബ് അദ്ധ്യക്ഷയായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  സമിതിയുടെ പഠന റിപ്പോര്‍ട്ട് മെയ് 23ന് സമര്‍പ്പിക്കും.  റിപ്പോര്‍ട്ടിലെ നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ക്ഷീര മേഖല കൂടുതല്‍ സജീവമാക്കും. വനം സംരക്ഷണത്തിന് ആദിവാസി വിഭാഗത്തില്‍പ്പെട്ട 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഓരോ മണ്ഡലത്തിലും ഓരോ കോടി രൂപ വീതവും കോട്ടയം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് എട്ട് കോടി രൂപയും നീക്കി വച്ചിട്ടുളളതായും മന്ത്രി പറഞ്ഞു.   ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും വിപുലമായ പരിപാടികളാണ്  ആസൂത്രണം ചെയ്തിട്ടുളളതെന്നും ഇതിലൂടെ ലഭിക്കുന്ന ലാഭം കര്‍ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുളളതെന്നും അദ്ദേഹം പറഞ്ഞു.  മേളയുടെ പ്രധാന കവാടം വഞ്ചിവീടിന്റെ രൂപത്തില്‍ തയ്യാറാക്കായി ആര്‍ട്ടിസ്റ്റ് സുജാതന്‍  ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  പവലിയന്‍ രൂപകല്പന ചെയ്ത സിനിമ ആര്‍ട്ട് ഡയറക്ടര്‍ കെ. കൃഷ്ണന്‍കുട്ടി എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

ജില്ലയിലെ 118 ഇടങ്ങള്‍ സൗജന്യ വൈഫൈ കേന്ദ്രങ്ങളാക്കുന്നതിന്റെ പ്രഖ്യാപനവും ക്ഷീരകര്‍ഷകര്‍ക്കുളള വിവിധ സമ്മാനദാനവും അദ്ദേഹം ചടങ്ങില്‍            നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ അനി കുമാരി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജോസ് കെ. മാണി എം.പി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റി മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍ റഷീദ്,  ക്ഷീര കര്‍ഷക ക്ഷേമ നിധി ചെയര്‍മാന്‍ എന്‍. രാജന്‍, എറണാകുളം മേഖലാ ക്ഷീരോല്പാദക  സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി സ്വാഗതവും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറകടര്‍ ഡോ. കെ.എം ദിലീപ് നന്ദിയും പറഞ്ഞു.