തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും നിലവിലുള്ളതിന്റെ അമ്പതു ശതമാനത്തോളം ബൂത്തുകൾകൂടി വർധിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി 1,000 പേർക്കു മാത്രം വോട്ട് എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിബന്ധനയുടെ അടിസ്ഥാനത്തിലാണിത്. നിലവിൽ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 14 മണ്ഡലങ്ങളിലുമായി 1,428 ബൂത്തുകൾകൂടി അധികമായി തുറക്കും.
വർക്കല നിയമസഭാ മണ്ഡലത്തിൽ നിലവിൽ 197 പോളിങ് ബൂത്തുകളാണുള്ളത്. ഈ തെരഞ്ഞെടുപ്പിൽ 78 ബൂത്തുകൾ കൂടി പുതുതായി സജ്ജമാക്കും. അതോടെ ആകെ ബൂത്തുകളുടെ എണ്ണം 275 ആകും. ആറ്റിങ്ങൽ മണ്ഡലത്തിൽ നിലവിലുള്ള 206 ബൂത്തുകൾക്കു പുറമേ 101 ബൂത്തുകൾകൂടി പുതുതായി സജ്ജമാക്കും. ആകെ 307 ബൂത്തുകളുണ്ടാകും.
ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളുടെ എണ്ണം ഇങ്ങനെ: (നിലവിലുള്ള ബൂത്ത് – പുതുതായി തുറക്കുന്ന ബൂത്തുകൾ – ആകെ എണ്ണം എന്ന ക്രമത്തിൽ). ചിറയിൻകീഴ് : 199 – 104 – 303, നെടുമങ്ങാട് : 210 – 90 – 300, വാമനപുരം : 212 – 76 – 288, കഴക്കൂട്ടം : 166 – 130 – 296, വട്ടിയൂർക്കാവ് : 172 – 143 – 315, തിരുവനന്തപുരം : 178 – 130 – 308, നേമം : 181 – 130 – 311, അരുവിക്കര : 210 – 55 – 265, പാറശാല : 215 – 103 – 318, കാട്ടാക്കട : 189 – 98 – 287, കോവളം : 216 – 107 – 323, നെയ്യാറ്റിൻകര : 185 – 83 – 268.
കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകും പോളിങ് ബൂത്തുകൾ സജ്ജമാക്കുകയെന്നു ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ സമ്മതിദായകരും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കളക്ടർ പറഞ്ഞു.