കൊല്ലം: വാര്‍ധക്യകാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് തണലായി തൃക്കടവൂര്‍ കുരീപ്പുഴയില്‍ പകല്‍ വീട് ഒരുക്കി കൊല്ലം കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പകല്‍വീടിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി.
കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ പകല്‍വീടാണ് കുരീപ്പുഴയിലേത്. ലഘുഭക്ഷണങ്ങളും, ഉച്ചഭക്ഷണവും കോര്‍പ്പറേഷന്‍ ഫണ്ടുപയോഗിച്ച് നല്‍കും.

വയോജനങ്ങളെ പരിപാലിക്കാന്‍ കെയര്‍ ടേക്കറുമാരെ കോര്‍പ്പറേഷന്‍ നിയമിക്കും. 22 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പകല്‍വീട്ടില്‍ രണ്ട് ഹാളും രണ്ട് മുറികളും ഒരു അടുക്കളയും രണ്ട് ടോയ്ലറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ•ാരായ എസ് ജയന്‍, യു പവിത്ര, ജി ഉദയകുമാര്‍, ഹണി, എസ് സവിതാ ദേവി, കൗണ്‍സിലര്‍ ഗിരിജാ തുളസി എന്നിവര്‍ പങ്കെടുത്തു.