കണ്ണൂർ: ക്ഷേത്ര കലാ അക്കാദമിയുടെ 2019-20 വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാടായി ബാങ്ക് പി സി സി ഹാളില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കലകളുടെ വികസനവും ജനകീയവല്‍ക്കരണവും ലക്ഷ്യമിട്ട് മികച്ച പ്രവര്‍ത്തനങ്ങളാണ് ക്ഷേത്ര കലാ അക്കാദമി നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ശമ്പള പരിഷ്‌കരണം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷനായ ടി വി രാജേഷ് എംഎല്‍എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അക്കാദമിയില്‍ നിന്നും വിവിധ കോഴ്‌സുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍, ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ കെ എച്ച് സുബ്രഹ്മണ്യന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, ഭരണ സമിതി അംഗങ്ങളായ ചെറുതാഴം ചന്ദ്രന്‍, സി കെ രവീന്ദ്രവര്‍മ രാജ, സംഘാടക സമിതി ചെയര്‍മാന്‍ കെ പത്മനാഭന്‍, ഫോക്‌ലോര്‍ അക്കാദമി ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ എ വി അജയകുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എ പ്രദീപന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കൊട്ടറ വാസുദേവ്, ക്ഷേത്ര കലാ അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ എ പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവാര്‍ഡ് ജേതാക്കളായ  മേതില്‍ ദേവിക , സ്വാമി കൃഷ്ണാ നന്ദഭാരതി, ഗുരുസദനം ബാലകൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ശേഷം സംസാരിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെയും  സംഘത്തിന്റെയും നേതൃത്വത്തില്‍ താളരാഗലയം പരിപാടി അവതരിപ്പിച്ചു.  അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ചുമര്‍ചിത്ര പഠന വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനം, ഓട്ടന്‍തുള്ളല്‍ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം എന്നിവയും നടന്നു.