ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയിലൂടെയുള്ള വീടുകള്‍ക്ക് ഇനിമുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയും. ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് നിര്‍മിച്ച 2,50,547 വീടുകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്. പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക് നിര്‍വ്വഹിച്ചു. ജില്ലയില്‍ പൂര്‍ത്തിയായ 17,620 വീടുകള്‍ക്കും ഇതിലൂടെ പരിരക്ഷ ലഭിക്കും.

സംസ്ഥാനത്ത് ഒന്നര ലക്ഷം വീടുകള്‍ കൂടി ലൈഫ് മിഷന്‍ വഴി ഇനിയും നിര്‍മിച്ച് നല്‍കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പും യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയും കോ- ഇന്‍ഷ്വറന്‍സ് വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ മൂന്ന് വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് പ്രീമിയം സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ വഴി അടയ്ക്കും. ആദ്യ പോളിസി സര്‍ട്ടിഫിക്കറ്റ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പ്രേമമന്ദിരം വീട്ടില്‍ റീനാ കുമാരി ധനകാര്യ വകുപ്പ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. പ്രകൃതി ക്ഷോഭങ്ങള്‍, ലഹള, അക്രമം, റോഡ്-റെയില്‍ വാഹനങ്ങള്‍, മൃഗങ്ങള്‍, മറ്റ് ദുരന്തങ്ങള്‍ തുടങ്ങിയ നാശനഷ്ടങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്ന പൊതുമേഖലാ സ്ഥാപനം മുഖേനയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്.

ജനങ്ങള്‍ക്ക് ഒരു വീട് പണിതുനല്‍കി സര്‍ക്കാര്‍ പിന്മാറുകയല്ല, അവരുടെ വീടുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്‍ പറഞ്ഞു. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനു പുറമേ കുടുംബശ്രീയെ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴില്‍ പരിശീലനവും സ്വയംതൊഴില്‍ പദ്ധതികളും ആവിഷ്‌കരിക്കുകയാണ്.

ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി. ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ ജി. മുരളീധരന്‍, കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടന്ന ഗുണഭോക്താക്കളുടെ യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.