ആലപ്പുഴ: കോവിഡ് കാലത്തെ പ്രതിസന്ധികള്ക്കിടയിലും ശുചിത്വ പാലനത്തില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് മികവാര്ന്ന പ്രവര്ത്തനമാണ് കാഴ്ചവെച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന് പറഞ്ഞു. 200 തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാം ഘട്ട ശുചിത്വ പ്രഖ്യാപനം നിര്വ്വഹിക്കുകയായിരുന്നു മന്ത്രി പറഞ്ഞു.
ജില്ലയില് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും ഹരിപ്പാട്, ചെങ്ങന്നൂര് നഗരസഭകളും 20 ഗ്രാമപഞ്ചായത്തുകളുമാണ് രണ്ടാം ഘട്ടത്തില് ശുചിത്വ പദവിയിലേക്ക് ഉയര്ന്നത്. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കൊപ്പവും ശുചിത്വപാലന പ്രവര്ത്തനങ്ങള് കൃത്യമായി നടത്താനായത് വലിയ കാര്യമാണ്. മാലിന്യ സംസ്‌കരണ രംഗത്ത് കേരളം വലിയ മാറ്റമാണ് നേടിയത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ശുചിത്വ പദവിയിലേക്ക് കൂടുതല് തദ്ദേശ സ്ഥാപനങ്ങള് എത്തുന്നത്. തദ്ദേശ സ്ഥാപനങ്ങള്, ശുചിത്വ മിഷന്, കുടുംബശ്രീ എന്നിവയുടെ കൂട്ടായ പരിശ്രമമാണ് ഇതിന് പിന്നില്. ഖരമാലിന്യ സംസ്‌കരണ രംഗത്ത് മികവ് തെളിയിച്ച തദ്ദേശ സ്ഥാപനങ്ങള്ക്കാണ് രണ്ടാം ഘട്ട് ശുചിത്വ പദവി നല്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്മ്മിച്ച 50 യാത്രാ സൗഹൃദ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്തു. ഓണ്ലൈനായി നടന്ന ചടങ്ങില് ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്പേഴ്ണ് ഡോ.ടി.എന്. സീമ അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ശുചിത്വ പദവി റിപ്പോര്ട്ട് അവതരിപ്പിച്ചു.
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ഡോ.വി. വേണു, പഞ്ചായത്ത് ഡയറക്ടര് ഡോ.പി.കെ. ജയശ്രീ, നഗരകാര്യ വകുപ്പ് ഡയറക്ടര് ആന്റ് ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. രേണു രാജ്, ഗ്രാമ വികസന കമ്മീഷണര് വി.ആര്.വിനോദ് തുടങ്ങിയവര് പങ്കെടുത്തു. ആദ്യ ഘട്ടത്തിലെ 589 സ്ഥാപനങ്ങള്ക്കൊപ്പം 200 തദ്ദേശ സ്ഥാപനങ്ങള് കൂടി ഈ നേട്ടത്തിലേക്ക് എത്തുന്നത്തോടെ സംസ്ഥാനത്താകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ശുചിത്വ പദവിയിലേക്കെത്തിയത്.