ഇടുക്കി: എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) സേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന് കീഴില്‍ പുതുതായി ആരംഭിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ഓഫീസിന്റെയും മുക്കുഴി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക പരിശീലനം ലഭിച്ചവരാണ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ പ്രവര്‍ത്തിക്കുന്നത് . ഇവര്‍ക്കുള്ള വാഹനങ്ങളും ആയുധങ്ങളും മറ്റു സൗകര്യങ്ങളും എല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ആര്‍ ആര്‍ ടി കളും ശക്തിപ്പെടുത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതോടുകൂടി പൊതുജനങ്ങള്‍ക്കും വന സംരക്ഷണത്തിനും ഏറെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പീരുമേട് ആര്‍ ആര്‍ ടി ഓഫീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് മുഖ്യാതിഥിയായി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് സാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.