കണ്ണൂർ: നബാര്‍ഡിന്റെ സഹായത്തോടെ ജലവിഭവ വകുപ്പ് നിര്‍മ്മിച്ച ചമതച്ചാല്‍ ആര്‍ സി ബി യുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പടിയൂര്‍ പഞ്ചായത്തിനെയും പയ്യാവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തിരൂര്‍ ചമതച്ചാല്‍ പുഴയ്ക്ക് കുറുകെയാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിച്ചത്. മലയോര മേഖലയിലെ പയ്യാവൂര്‍ പടിയൂര്‍ പഞ്ചായത്തുകള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ കാര്‍ഷികാവശ്യങ്ങള്‍ നിറവേറ്റുകയാണ് പ്രധാന ലക്ഷ്യം.

പുഴയുടെ ഇരുകരകളിലെയും റോഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് മികച്ച ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്. നബാര്‍ഡില്‍ ഉള്‍പ്പെടുത്തി 19 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്. 93.6 മീറ്റര്‍ നീളത്തില്‍ രണ്ട് മീറ്റര്‍ ഉയരത്തിലുള്ള സ്ഥിരം വിയറും അതിനു മുകളില്‍ നാല് മീറ്റര്‍ സംഭരണ ശേഷിയും മെക്കാനിക്കല്‍ ഷട്ടര്‍ സംവിധാനത്തോടു കൂടിയതുമായ റെഗുലേറ്ററും 7.5 മീറ്റര്‍ വീതിയില്‍ കാരേജ് വേയുള്ള വാഹന ഗതാഗതത്തിനനുയോജ്യമായ പാലവുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇരുകരകളിലുമായി 320 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് ടാര്‍ ചെയ്ത് പൂര്‍ത്തീകരിച്ചു. പയ്യാവൂര്‍ – പടിയൂര്‍ പഞ്ചായത്തുകളിലെ 2331 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ലഭ്യമാക്കും. പദ്ധതി പൂര്‍ത്തിയായാല്‍ ഈ റഗുലേറ്ററില്‍ 10 ലക്ഷം ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാന്‍ കഴിയും.

ഇരുപഞ്ചായത്തുകളിലെയും നാലായിരത്തിലധികം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി ചടങ്ങില്‍ അധ്യക്ഷനായി. കെ സി ജോസഫ്  എം എല്‍ എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എന്‍ പി ശ്രീധരന്‍, പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീന്‍, ഇരിക്കൂര്‍ ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബേബി തോലാനി, ചെറുകിട ജലസേചന വിഭാഗം കണ്ണൂര്‍ എക്‌സി.എഞ്ചിനീയര്‍ ടി ഷാജി, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ അലക്‌സ് വര്‍ഗീസ്, ചെറുകിട ജലസേചന വിഭാഗം തളിപ്പറമ്പ് അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എം എ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.