കണ്ണൂർ: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യന്തര ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റ് സെല്ലില്‍ ഇരിക്കുന്ന സഹോദരിമാരായ വിഷ്ണുപ്രിയയുടെയും അഖിലയുടെയും തമിഴ് കലര്‍ന്ന സംസാരം കേട്ടാല്‍ ആരുമൊന്നു അമ്പരക്കും. തിരുച്ചി സ്വദേശികളായ ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തില്‍ എത്തിയത്. തലശ്ശേരി കതിരൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ വളരെ യാദൃശ്ചികമായാണ് രാജ്യന്തര ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. ഇവരെ മലയാളം പഠിപ്പിക്കുന്ന സജിത്ത് നാലാം മൈല്‍ ആണ് വോളന്റയര്‍ ആയി അപേക്ഷിക്കാന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് അവര്‍ക്ക് പരിശീലനം നല്‍കി ഡെലിഗേറ്റ് പാസ് വിതരണത്തിനു നിയോഗിക്കുകയായിരുന്നു.
പ്ലംബര്‍ ജോലി ചെയ്യുന്ന അച്ഛന്‍ കുമാറും അമ്മ ലക്ഷ്മിയും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി കേരളത്തിലാണെങ്കിലും മക്കള്‍ രണ്ടു പേരെയും സ്വന്തം നാടായ തിരുച്ചിയിലാണ് വളര്‍ത്തിയതും പ്ലസ്ടുവരെ പഠിപ്പിച്ചതുമെല്ലാം. അതിനുശേഷം കൊച്ചിയിലാണ് ഇവര്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നത്. ഒരാള്‍ ഫാഷന്‍ ടെക്‌നോളജിയിലും മറ്റൊരാള്‍ ഐ ടിയിലുമാണ് പഠനം നടത്തുന്നത്. കേരളത്തില്‍ തന്നെയാണ് ഇവര്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നത്. ചരിത്രത്തില്‍ ആദ്യമായി തലശ്ശേരിയിലെത്തിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിഥികളെ സ്വീകരിച്ചു താരങ്ങളാവുകയാണ് ഈ തമിഴ് പെണ്‍കൊടികള്‍.