പാലക്കാട്: എല്ലാ സമയത്തും ജില്ലയ്ക്കും വനം വകുപ്പിനും ആവശ്യമായ മുഴുവൻ വൃക്ഷ തൈകൾ ഉത്‌പാദിപ്പിക്കുകയാണ് വനം വകുപ്പിന്റെ സ്ഥിരം നഴ്സ്റി സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വനം -വന്യജീവി – മൃഗസംരക്ഷണ – ക്ഷീരവികസന-മൃഗശാല വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. ജില്ലാ സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് വള്ളിക്കോട് നിര്മ്മിച്ച ജില്ലയിലെ സ്ഥിരം നഴ്സറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രീയവും സ്വാഭാവികമായ രീതിയിൽ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ നഴ്സറികളിൽ വളർത്തിയെടുക്കും. പ്രകൃതിക്ക് ദോഷകരമായ വിദേശ വൃക്ഷങ്ങൾക്ക് പകരം ഫലവൃക്ഷങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയം. യൂക്കാലി തുടങ്ങിയ മരങ്ങൾ മാറ്റി വനവത്ക്കരണം നടത്തുമ്പോൾ കൂടുതൽ വൃക്ഷതൈകൾ ഉത്പാദിപ്പിക്കേണ്ടത് ആവശ്യമായി വരും. പരിസ്ഥിതി സംരക്ഷണം എന്നാൽ വന സംരക്ഷണം മാത്രമല്ല.
വനത്തിന് പുറത്തും ധാരാളം വൃക്ഷങ്ങൾ വെക്കുന്നതാണ്. അതുകൂടി കണക്കിലെടുത്ത് വനത്തിന് പുറത്ത് വനാവരണം സൃഷ്ടിക്കുക എന്ന നൂതന പദ്ധതിയാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ഏറ്റെടുത്ത് നടപ്പാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വനാവരണം സൃഷ്‌ടിച്ച മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്ത് വന വിസ്തൃതി കൂടിക്കൊണ്ടിരിക്കുന്നു.
വനവത്ക്കരണത്തിന് പ്രതിവർഷം 78 ലക്ഷത്തോളം തൈകളാണ് വിതരണം ചെയുന്നത്. ഇത്തരം തൈകളിൽ 65 ശതമാനത്തോളം ഇപ്പോൾ സംരക്ഷിക്കാൻ കഴിയുന്നുണ്ട്. ഇതിന് കാരണം ജനങ്ങളിൽ വന്ന അവബോധമാണ്. വന മേഖല കൂടുതലുള്ള സ്ഥലങ്ങളിൽ വന അദാലത്തുകൾ ഉൾപ്പെടെ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കർഷകർക്ക് നഷ്ടപരിഹാരം നൽകാനും നൽകുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കാനും സർക്കാരിന് കഴിഞ്ഞു.
വനവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെല്ലാം ജനജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്നും ഇതിലൂടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഒലവക്കോട് ആരണ്യഭവന് വൈല്ഡ് ലൈഫ് ഹാളില് നടന്ന പരിപാടിയില് അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ എം.എൽ.എ ക്കു വേണ്ടി ജില്ലാ പഞ്ചായത്ത് അംഗം വി.കെ ജയപ്രകാശ് സന്ദേശം വായിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിജോയ്,അഡിഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ്കുമാർ, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സർവേറ്റർ ജി. ഹരികൃഷ്ണൻ നായർ, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.